കൊമ്പുകുത്തി വളര്‍ത്താം, ഉണ്ട വഴുതന

135

തക്കാളി വര്‍ഗയിനമായ വഴുതന കൃഷിചെയ്യുമ്പോള്‍ നഴ്സറിയില്‍ തൈകള്‍ മുളപ്പിച്ചെടുക്കുകയെന്നതാണ് കര്‍ഷകരെ കുഴക്കുന്ന പ്രധാന പ്രശ്നം. ജോലിയുടെ കാഠിന്യം മാത്രമല്ല. വഴുതനത്തൈകള്‍ വളര്‍ത്തിയെടുക്കുന്നതിനും അവയില്‍നിന്ന് വിളവെടുക്കാനുള്ള കാലതാമസവും വര്‍ഷങ്ങളോളം വിളവെടുക്കുന്നതിന് കഴിയാത്തതും അവരെ വിഷമിപ്പിക്കുന്നു. എന്നാല്‍ വിത്തു മുളപ്പിക്കാന്‍ മിനക്കെടാതെ കമ്പ് ഒടിച്ചുകുത്തിയാല്‍ വേരു മുളച്ച് പിടിച്ച് കായ്ക്കുന്ന ഒരു തരം വഴുതന ഇനത്തെ കിട്ടിയാലോ? വഴുതനക്കൃഷി ഉഷാറാക്കാമല്ലേ. വയനാടന്‍ മേഖലകളില്‍ പ്രധാനമായും കണ്ടുവരുന്ന ഒരു തരം ഉണ്ട വഴുതനയുടെ കൊമ്പു കുത്തി മുളപ്പിച്ചെടുക്കാം. തണ്ടുകളില്‍ വേരുപിടിപ്പിച്ച് തൈകള്‍ തയ്യാറാക്കി വ്യാപകമായി കൃഷിചെയ്യാം.

തൈകള്‍ തയ്യാറാക്കാം

തൈകള്‍ തയ്യാറാക്കുന്നതിന് മുമ്പ് പോട്ടിങ് മിശ്രിതം നിറച്ച് പോളിത്തീന്‍ കവറുകള്‍ തയ്യാറാക്കണം. മൂന്നുചട്ടി മണല്‍, മൂന്നുചട്ടി മണ്ണ്, മൂന്നുചട്ടി ചാണപ്പൊടി അല്ലെങ്കില്‍ രണ്ടുചട്ടി കമ്പോസ്റ്റ്, ഒരു കിലോ വേപ്പിന്‍പിണ്ണാക്ക് എന്നിവചേര്‍ത്ത് കൂട്ടിക്കലര്‍ത്തിയതാണ് പോട്ടിങ് മിശ്രിതം. അത്യാവശ്യം നീളമുള്ള പോളിത്തീന്‍കവറിന്റെ പകുതിയായിരിക്കണം പോട്ടിങ് മിശ്രിതം.

ആറുമാസം പ്രായമെങ്കിലുമുളള ചെടിയുടെ പാര്‍ശ്വശിഖരങ്ങള്‍ നട്ടാണ് തൈകള്‍ ഉണ്ടാക്കുന്നത്. പാര്‍ശ്വശിഖരങ്ങള്‍ 2 മുതല്‍ 4 മുട്ടുകളുള്ള തണ്ടുകളായി മുറിച്ച് ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണ് പോട്ടിങ്ങ് മിശ്രിതം നിറച്ച പോളിത്തീന്‍ കൂടുകളില്‍ നടുന്നത്. ഇന്‍ഡോള്‍ ബ്യൂട്ടിറിക് ആസിഡ് എന്ന സസ്യ ഹോര്‍മോണിന്റെ 1000 പി.പി.എം. (ഒരു ഗ്രാം- ഒരു ലിറ്റര്‍ വെള്ളത്തില്‍) ലായനിയില്‍ 45 സെക്കന്‍ഡുനേരം മുക്കിയതിനുശേഷം പോളിത്തീന്‍ കവറുകളില്‍ നടുന്നതാണ് നല്ലത്. ഇങ്ങനെ വേരുപിടിക്കുന്നതിന്റെ അളവ് 70-80 ശതമാനമായിരിക്കും അതിനാല്‍ നാം ആവശ്യമുള്ളതിന്റെ അധികം തൈകള്‍ നഴ്സറിയില്‍ തയ്യാറാക്കണം. ഇങ്ങനെ പോളിത്തീന്‍ കവറുകളില്‍നിന്ന് വേരുപിടിപ്പിച്ച തൈകള്‍ മൂന്നെണ്ണം വീതം നേരത്തെ പറഞ്ഞ രീതിയില്‍ തയ്യാറാക്കിയ പോട്ടിങ് മിശ്രിതം നിറച്ച ചട്ടികളിലേക്കോ ഗ്രോബാഗിലേക്കോ വലിയ പ്ലാസ്റ്റിക് ബക്കറ്റുകളിലേക്കോ  മാറ്റിനടാം.

തെങ്ങിന്‍തോപ്പുകളിലും നടാം

Brinjal

വേരുപിടിപ്പിച്ച തൈകള്‍ ചട്ടികളില്‍ മാത്രമല്ല നീര്‍വാര്‍ച്ചയുള്ള തെങ്ങിന്‍തോപ്പുകളിലും ഇടവിളയാക്കി നടാവുന്നതാണ്. ഓരോ ചെടിക്കും രണ്ടുമീറ്റര്‍ അകലം നല്‍കണം. അരമീറ്റര്‍ വീതം ആഴവും നീളവും വീതിയുമുള്ള കുഴികളില്‍ പോട്ടിങ് മിശ്രിതം നിറച്ചാണ് നിലത്ത് തൈകള്‍ നടേണ്ടത്. ഒരു സെന്റ് സ്ഥലത്ത് 40-50 തൈകളെങ്കിലും നടാം.

പരിപാലനം

ജൈവകൃഷിരീതിയില്‍ ചട്ടികളില്‍ നടുന്ന ഉണ്ടവഴുതന പരിപാലിക്കാന്‍ മാസത്തിലൊരിക്കല്‍ ജൈവവളങ്ങള്‍ ചേര്‍ത്തുകൊടുക്കണം. ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ്, വെര്‍മിവാഷ് നേര്‍പ്പിച്ചത്, ഗോമൂത്രം നേര്‍പ്പിച്ചത് എന്നിവ മിതമായ തോതില്‍ ഒഴിച്ചുകൊടുക്കാം.

ഒരു ചട്ടിക്ക് ഒരു മാസം 20 ഗ്രാം വേപ്പിന്‍പിണ്ണാക്ക് പൊടിച്ചത്, കടലപ്പിണ്ണാക്ക് കുതിര്‍ത്ത് കലക്കി നേര്‍പ്പിച്ച വെള്ളം എന്നിവയൊഴിച്ചുകൊടുക്കാം. ഇത് ചെടികള്‍ക്ക് വേണ്ടത്ര നൈട്രജന്‍ കിട്ടുന്നതിന് സഹായിക്കും. രാസരീതിയിലാണെങ്കില്‍ ചട്ടിയൊന്നിന് രണ്ടുഗ്രാം യൂറിയ, 3-4 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 3-4 ഗ്രാം പൊട്ടാഷ് എന്നിവ ഓരോ മാസവും ചേര്‍ത്തുകൊടുക്കാം. മാസത്തിലൊരിക്കല്‍ 3 മില്ലിലിറ്റര്‍ അക്കോമിന്‍ ഒരു ലിറ്റര്‍വെള്ളത്തില്‍ കലക്കി ഓരോ ചെടിക്കും ഒഴിച്ചുകൊടുക്കുന്നത് രോഗ-കീട ബാധതടയും.

വയനാട്ടിലെ മിക്ക വീടുകളിലും ഉണ്ടവഴുതനയുടെ തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട് പലരും അതിന്റെ കമ്പുകള്‍ മുറിച്ചു നട്ട് പ്രജനനം നടത്തുന്നുമുണ്ട്.