കേളി യാത്രയയപ്പ് നല്‍കി

269

പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിച്ചുപോകുന്ന ജസ്ന സിയാദ് , മക്കളായ ഫര്‍ഹാന്‍ സിയാദ്‌, ഇര്‍ഫാന്‍ സിയാദ് എന്നിവർക്ക്‌ കേളി അല്‍ ഖര്‍ജ്ജ് ഏരിയാ കമ്മിറ്റിയുടെയും, കേളി കലാ സാംസ്കാരികവേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെയും ആഭിമുഖ്യത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പ്‌ നൽകി. കുടുംബവേദിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ജസ്ന കേളി കേന്ദ്ര സാംസ്കാരിക വിഭാഗം ചെയര്‍മാന്‍ സിയാദ് മണ്ണഞ്ചേരിയുടെ ഭാര്യയാണ്. പതിനാറു വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ജസ്ന അല്‍ ഖര്‍ജ്ജിലെ അല്‍ മുത്തവറൂണ്‍ സ്കൂളിലെ അദ്ധ്യാപികയായിരുന്നു. കേളിയുടെയും കുടുംബവേദിയുടേയും കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു മൂവരും. ഏരിയാ രക്ഷാധികാരി കണ്‍വീനര്‍ പ്രദീപ്‌ കൊട്ടാരത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏരിയാ സെക്രട്ടറി ശ്രീകാന്ത് കണ്ണൂര്‍ സ്വാഗതം പറഞ്ഞു. കേളി ആക്ടിംഗ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, രാജന്‍ പള്ളിത്തടം, ഏരിയാ പ്രസിഡന്റ് ഗോപാലന്‍, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ അനിരുദ്ധന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കുടുംബവേദിയുടെ ഉപഹാരം പ്രസിഡന്റ് പ്രിയ വിനോദും സെക്രട്ടറി സീബ അനിരുദ്ധനും , ഏരിയയുടെ ഉപഹാരം ശ്രീകാന്ത് കണ്ണൂരും ജസ്ന സിയാദിന് നല്‍കി. ഫര്‍ഹാന്‍, ഇര്‍ഫാന്‍ എന്നിവര്‍ക്ക് യഥാക്രമം വിനോദ് കുമാര്‍, അനിരുദ്ധന്‍, രാജന്‍ പള്ളിത്തടം, ജോസഫ് ഷാജി എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. യാത്രയയപ്പിന് ജസ്ന സിയാദ് , ഫര്‍ഹാന്‍, ഇര്‍ഫാന്‍ എന്നിവര്‍ നന്ദി പറഞ്ഞു.