കേരള ബാങ്ക് രൂപീകരണത്തിന് ആര്‍ബിഐ അനുമതി; ജില്ലാ സഹകരണ ബാങ്കുകള്‍ ലയിപ്പിക്കും; വിജ്ഞാപനം ഉടന്‍

84

കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ്വ്ബാങ്കിന്റെ അനുമതി. 14 ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള സംസ്ഥാന സഹകരണ ബാങ്ക് ആക്കാനുളള അനുമതിയാണ് ലഭിച്ചത്. ഇത് സംബന്ധിച്ചുളള സര്‍ക്കാര്‍ വിഞ്ജാപനം അടുത്താഴ്ച പുറത്തിറങ്ങും. രണ്ടു ദിവസം മുന്‍പാണ് ആര്‍ബിഐ ബോര്‍ഡ്ഓഫ് ഡയറക്ടേഴ്‌സ് കേരള ബാങ്കിന് അനുമതി നല്‍കിയത്.

14 ജില്ലാ ബാങ്കുകളും അവയുടെ 804 ശാഖകളും സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാഖകളും കേരള ബാങ്കിന്റെ ശാഖകളാകും. ജില്ലാ ബാങ്കുകള്‍ ഇല്ലാതാകും.

നിലവിലെ ചട്ടം അനുസരിച്ച് ജില്ലാ ബാങ്കുകള്‍ ലയിപ്പിക്കാന്‍ പൊതു യോഗത്തില്‍ മൂന്നില് രണ്ട് അംഗങ്ങളുടെ പിന്തുണ വേണം. നിലവില്‍ പല ജില്ലാ ബാങ്കുകളും യുഡിഎഫിന്റെ നിയന്ത്രണത്തിലായതിനാല്‍ അനുമതി ലഭിക്കല്‍ സങ്കീര്‍ണ്ണമായേക്കും. ഇത് മറികടക്കാനാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നത്.

സഹകരണ ബാങ്കുകള്‍ക്ക് ആധുനിക ബാങ്കിംഗ് സംവിധാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബാങ്ക് രൂപീകരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സംസ്ഥാനത്തെ 1640 പ്രാഥമിക കാര്‍ഷിക ക്രെഡിറ്റ് സംഘങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആയിരിക്കും കേരളബാങ്കിന്റെ ഭരണസമിതി.