കേരളത്തിന് സഹായവാഗ്ദാനവുമായി ലോകബാങ്കും എഡിബിയും

88

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് സഹായം നല്‍കാന്‍ സന്നദ്ധമെന്ന് ലോക ബാങ്കും എഡിബിയും. കേരളം തയ്യാറാക്കി നല്‍കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിലാകും സഹായം. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ച ചെയ്യാനായി ലോകബാങ്ക്–എഡിബി പ്രതിനിധികള്‍ ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ശുചീകരണത്തിനും വായ്പ നല്‍കാന്‍ തയ്യാറെന്ന് ലോക ബാങ്കും എഡിബിയും വ്യക്തമാക്കി. ദുരന്തം കണക്കെലെടുത്ത് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി വായ്പ നല്‍കാനാകുമെന്നും സംഘം അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാകും എത്രത്തോളം വായ്പ നല്‍കണമെന്നും ഏതെല്ലാം മേഖലയില്‍ നല്‍കണമെന്നും തീരുമാനിക്കുക.

ചീഫ് സെക്രട്ടറി ടോം ജോസുമായും വകുപ്പ് സെക്രട്ടറിമാരുമായും ദുരന്തത്തിന്‍റെ വ്യാപ്തി സംബന്ധിച്ച ചര്‍ച്ചകളാണ് ഇന്ന് നടന്നത്. വായ്പയുടെ പലിശ ഉള്‍പ്പെടെയുളള വ്യവസ്ഥകളില്‍ ധാരണയായിട്ടില്ല. കെഎസ്ടിപി, ജലനിധി ഉള്‍പ്പെടെ നിലവില്‍ കേരളത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതിയും ദുരന്തത്തില്‍ ഇവയ്ക്കുണ്ടായ നഷ്ടവും സംഘം വിലയിരുത്തി. ദുരിതബാധിത മേഖലകളില്‍ ഉടന്‍ തന്നെ സന്ദര്‍ശനം നടത്തുമെന്നും ലോകബാങ്ക്, എഡിബി പ്രതിനിധികള്‍ അറിയിച്ചു.