കേരളത്തിന് കൈയടി; കടലിലെ പ്ലാസ്റ്റിക് മാലിന്യമെടുത്ത് റോഡ് നിര്‍മാണം

കടലിലെ പ്ലാസ്റ്റിക്ക് ശേഖരിച്ച് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കാനുള്ള കേരളത്തിന്റെ പദ്ധതി പരാമര്‍ശിച്ച് ലോക സാമ്പത്തിക ഫോറം

216


കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ മഹത്തായൊരു ഉദ്യമത്തിലാണ്. ലോക സാമ്പത്തിക ഫോറത്തിന്റെ വെബ്സൈറ്റില്‍ കഴിഞ്ഞ ദിവസം വന്ന ലേഖനത്തിലെ വാക്കുകളാണിത്. സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യനത്തിനെതിരെ പോരാടുകയാണ് അവര്‍. അതിന് പ്രചോദനം നല്‍കിയതാകട്ടെ മന്ത്രി ജെ മെഴ്സികുട്ടിയമ്മയുടെ ശുചിത്വ സാഗരം എന്ന പദ്ധതിയും.

പദ്ധതി അനുസരിച്ച് കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ക്ക് പ്ലാസ്റ്റിക് ശേഖരിച്ച് തിരിച്ച് കരയിലെത്തിക്കാനുള്ള പരീശലനം നല്‍കും. ഇത് വിജയം കണ്ടുതുടങ്ങിയെന്നതാണ് ഏറെ സവിശേഷതയെന്ന യുഎന്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ലോക സാമ്പത്തിക ഫോറത്തില്‍ വന്ന ലേഖനത്തില്‍ പറയുന്നു.

ശുചിത്വ സാഗരം പദ്ധതി നടപ്പാക്കി തുടങ്ങി ആദ്യ 10 മാസം കഴിയുമ്പോള്‍ അറബിക്കടലില്‍ നിന്ന് 25 ടണ്‍ പ്ലാസ്റ്റിക്കാണ് നമ്മുടെ മത്സ്യതൊഴിലാളികള്‍ നീക്കം ചെയ്തിരിക്കുന്നത്. ഇതില്‍ 10 ടണ്ണോളം പ്ലാസ്റ്റിക് ബാഗുകളും ബോട്ടിലുകളുമാണ്.
മത്സ്യതൊഴിലാളികള്‍ പ്ലാസ്റ്റിക് മാലിന്യവുമായി കരക്കെത്തിയാല്‍ വനിതകളുള്‍പ്പടെയുള്ള ചിലര്‍ അത് ശേഖരിച്ച് പ്ലാസ്റ്റിക്ക് ഷ്രെഡ്ഡിംഗ് മെഷീനില്‍ നിക്ഷേപിക്കും. ഈ പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്യപ്പെടുന്നു. അതിനു ശേഷം റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുവാക്കി മാറ്റുന്നു. ഇതാണ് രീതി. ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങളില്‍ ഇതിനോടകം തന്നെ 34,000 കി.മീറ്ററോളം വരുന്ന പ്ലാസ്റ്റിക് റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ റോഡുകളില്‍ നല്ലൊരു ശതമാനവും പ്ലാസ്റ്റിക് റോഡുകളാണ്.
ശുചിത്വ സാഗരം പോലുള്ള പദ്ധതികളുടെ വ്യാപനത്തിനാണ് ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ആവശ്യപ്പെടുന്നത്. തീര്‍ച്ചയായും കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണിത്.