കേരളത്തിന്റെ മതനിരപേക്ഷത ബി.ജെ.പിക്ക് ബോധ്യപ്പെട്ടു; ശബരിമലയില്‍ നിന്ന് സമരം മാറ്റിയത് നന്നായെന്നും മുഖ്യമന്ത്രി

55

കേരളത്തിന്റെ മതനിരപേക്ഷത അവര്‍ക്ക് ബോധ്യപ്പെട്ടതിന്റെ തെളിവാണ് സമരവേദി മാറ്റാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീതി നിര്‍വഹണത്തിനെതിരായാണ് ബി.ജെ.പി മുന്നോട്ട് പോകുന്നതെങ്കില്‍ മുന്‍ സമരങ്ങളുടെ ഗതി തന്നെ ഇതിനുമുണ്ടാകുമെന്ന് അവര്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് ബോധോദയമുണ്ടായി. ബി.ജെ.പിയുടെ സെക്രട്ടറിയേറ്റ് ഉപവാസം സാധാരണ നടപടി മാത്രമാണ്. എന്നാല്‍, അവര്‍ ഉന്നയിച്ച ആവശ്യങ്ങളെ കുറിച്ച് ചിന്തിക്കണം. കെ.സുരേന്ദ്രന്റെ കേസ് പരിഗണിക്കലല്ല തന്റെ ഓഫീസിന്റെ ജോലി’ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രളയം ബാധിച്ച കേരളം പുനര്‍നിര്‍മ്മിക്കുന്നതിനായി 31,000 കോടി രൂപ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയില്‍ ലഭിച്ച 2683.18 കോടി രൂപയില്‍ 1357.78 കോടി രൂപ തകര്‍ന്ന വീടുകള്‍ക്കായി ഉപയോഗിച്ചു. കേന്ദ്രത്തില്‍ നിന്ന് 600 കോടി രൂപയാണ് ലഭിച്ചത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വിമാനം എത്തിയതിനും റേഷന്‍ സാമഗ്രികള്‍ നല്‍കിയതിനും കേന്ദ്രത്തിന് 290.67 കോടി രൂപ നല്‍കേണ്ടി വന്നു. എസ്.ഡി.ആര്‍.എഫിലെ മുഴുവന്‍ തുക വിനിയോഗിച്ചാലും ബാദ്ധ്യതപ്പെട്ട തുക കൊടുത്ത് തീര്‍ക്കുവാന്‍ ഫണ്ട് തികയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള പുനര്‍നിര്‍മാണത്തിനായി സെമിനാറുകള്‍ നടത്തും. പ്രളയബാധിത ജില്ലകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ദൃശ്യ-പത്ര മാധ്യമങ്ങളുടെ സഹകരണത്തോടെയാവും സെമിനാറുകളു സംവാദങ്ങളും നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.