കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ തകർക്കാന്‍ അനുവദിക്കില്ല:കേളി നവോത്ഥാന സദസ്സ്

91

അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുണ്ട കാലത്തിലേക്ക് കൈപിടിച്ചു നടത്തുന്നവര്‍ക്കെതിരെയുള്ള ശക്തമായ താക്കീതുമായി കേളി കലാ സാംസ്കാരികവേദി നവോഥാന സദസ്സ് സംഘടിപ്പിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് കേരളത്തിലങ്ങോളമിങ്ങോളം രണ്ടായിരത്തില്‍പരം കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച നവോത്ഥാന സദസ്സുകളുടെ തുടര്‍ച്ചയായിട്ടായിരുന്നു റിയാദിലും കേളിയുടെ ആഭിമുഖ്യത്തില്‍ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചത്.

ബത്ത ക്ലാസിക് ഓഡിറ്റൊറിയത്തില്‍ നടന്ന നവോത്ഥാന സദസ്സില്‍ കേളി കേന്ദ്ര സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ടി.ആര്‍.സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. സാംസ്കാരികവിഭാഗം ചെയര്‍മാന്‍ മധു ബാലുശ്ശേരി ആമുഖ പ്രഭാഷണം നടത്തി. ദമ്മാം നവോദയ കുടുംബവേദി സെക്രട്ടറി രഞ്ജിത്ത് വടകര സദസ്സ് ഉദ്ഘാടനം ചെയ്തു.

എട്ട‌് ശതാബ‌്ദം മുമ്പ‌് ക്ഷേത്രപ്രവേശനത്തെ എതിർത്ത അതേ ശക്തികൾ ഹിന്ദുത്വരാഷ‌്ട്രീയത്തിന്റെ കൈ പിടിച്ച‌് സ‌്ത്രീകളുടെ ശബരിമല പ്രവേശനത്തെയും എതിർക്കുകയാണ‌്.നവോത്ഥാനത്തിന്റെ ശരിയായ തുടർച്ചയെയാണ‌് വര്‍ഗീയ ജാതി ഭ്രാന്തർ തടയാൻ ശ്രമിക്കുന്നത‌്. കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങൾ തകർക്കാനുള്ള ഏത‌് നീക്കങ്ങളെയും എതിർത്ത‌് തോൽപ്പിക്കുമെന്നുള്ള ഉറച്ച പ്രഖ്യാപനവുമായി ഈ കാലഘട്ടത്തിന്റെ കാവല്‍ക്കാരായി നിലകൊള്ളാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും സദസ്സില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

എഴുത്തുകാരനും, സാംസ്കാരിക പ്രവര്‍ത്തകനുമായ എം.ഫൈസല്‍, കേളി മുഖ്യ രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ കെ.പി.എം.സാദിക്ക്, ന്യൂഏജ് സെക്രട്ടറി ഷാനവാസ്, എന്‍.ആര്‍.കെ കണ്‍വീനര്‍ നൌഷാദ് കോര്‍മത്ത്, കേളി കുടുംബ വേദി ട്രഷറര്‍ ലീന സുരേഷ്, സെക്രട്ടറിയേറ്റ് അംഗം ബിന്ധ്യ മഹേഷ്‌, കേളി സാംസ്കാരിക കമ്മിറ്റി അംഗങ്ങളായ കെ.പി.സജിത്ത്, മഹേഷ്‌ കോടിയത്ത് എന്നിവര്‍ സംസാരിച്ചു. കേളി കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധന്‍ സ്വാഗതവും, പ്രസിഡണ്ട് പ്രിയ വിനോദ് നന്ദിയും പറഞ്ഞു.

കേളി മുഖ്യരക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ്‌ കുമാര്‍, ബി.പി രാജീവന്‍, പ്രസിഡണ്ട് ദയാനന്ദന്‍ ഹരിപ്പാട്, സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.

കേളി കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, കുടുംബവേദി പ്രവര്‍ത്തകര്‍, വിവിധ ഏരിയയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുറമേ നിരവധി പൊതുജനങ്ങളും സദസ്സില്‍ പങ്കെടുത്തു.