കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്ത് വിദേശത്ത് ജോലി; 773 ജീവനക്കാരെ പുറത്താക്കി

146

കെഎസ്ആര്‍ടിസിയില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്ത് മറ്റു ജോലികള്‍ ചെയ്യുന്നതായും വ്യാജ മെഡിക്കല്‍ രേഖകള്‍ സമര്‍പ്പിച്ചതായും കണ്ടെത്തിയ ജീവനക്കാരെ പുറത്താക്കി. സ്ഥിരമായി ജോലിക്ക് വരാത്തതിനെ തുടര്‍ന്ന് 773 ജീവനക്കാരെ പുറത്താക്കാന്‍ എംഡി ടോമിന്‍ ജെ. തച്ചങ്കരിയാണ് ഉത്തരവിട്ടത്. ഇതില്‍ 500 ഓളം ജീവനക്കാര്‍ സര്‍വീസില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്ത് വിദേശത്ത് മറ്റ് ജോലികള്‍ ചെയ്യുകയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

പിരിച്ചു വിട്ടതില്‍ 304 പേര്‍ ഡ്രൈവര്‍മാരാണ്. 469 പേര്‍ കണ്ടക്ടര്‍മാരും. ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടും ജോലിക്ക് ദീര്‍ഘകാലമായി വരാത്ത ജീവനക്കാര്‍ക്കതിരെയാണ് എംഡി നടപടി സ്വീകരിച്ചത്. കാലാവധി കഴിഞ്ഞിട്ടും അവധിയില്‍ തുടരുന്ന ജീവനക്കാരോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ എംഡിയായി ചുമതലയേറ്റ അവസരത്തില്‍ ടോമിന്‍ ജെ തച്ചങ്കരി നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.

സര്‍വീസില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്ത് മറ്റു ജോലികള്‍ ചെയ്യുന്ന കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും 45 ദിവസത്തിനകം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നാണ് ഈ വര്‍ഷം ജൂണ്‍ നാലിന് കോടതി ഉത്തരവിട്ടത്. ഇവര്‍ ജോലിയില്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരികെ പ്രവേശിക്കാത്ത പക്ഷം പിരിച്ചുവിടാമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ ജോലിക്ക് വരാത്തതിന്റെ വിശദീകരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മെയ് 31 നുള്ളില്‍ കാരണം കാണിക്കല്‍ നോട്ടീസിനു മറുപടി നല്‍കുകയോ തിരികെ ജോലിക്ക് കയറുകയോ ചെയ്യണമെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. ഈ നിര്‍ദേശം ലംഘിച്ചതോടെയാണ് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവരെ പിരിച്ചുവിട്ടത്.

അടുത്ത ഘട്ടത്തില്‍ ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാത്ത മിനിസ്റ്റീരിയല്‍, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ഉള്ള ജീവനക്കാര്‍ക്കതിരെയും നടപടിയെടുക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്. ഇവരെ പിരിച്ചുവിടുന്നതിനുള്ള നടപടി ഉടനെ ബോര്‍ഡ് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.