കെസിഎയിലെ സാമ്പത്തിക ക്രമക്കേട്; ടി സി മാത്യുവിനെതിരായ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

189

ബിസിസിഐ വൈസ് പ്രസിഡന്റും കെസിഎ മുന്‍ പ്രസിഡന്റുമായ ടി.സി. മാത്യുവിനെതിരായ ഓംബുഡ്സ്മാന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ടി.സി. മാത്യുവില്‍ നിന്നും രണ്ടേകാല്‍ കോടി രൂപ ഈടാക്കണമെന്ന ഓംബുഡ്സ്മാന്‍–കം–എത്തിക്‌സ് ഓഫിസറുടെ ഉത്തരവാണ് സിങ്കിള്‍ ബഞ്ച് സ്റ്റേ ചെയ്തത്. ഇടുക്കി സ്റ്റേഡിയം നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് കെസിഎ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

ഇതു ശരിവച്ച ഓംബുഡ്സ്മാന്‍ മാത്യുവില്‍ നിന്നും രണ്ടുകോടി പതിനാറ് ലക്ഷം രൂപ തിരിച്ചുപിടിക്കാനാണ് ഉത്തരവിട്ടത്. പണം തിരിച്ചുപിടിക്കണമെന്ന് ഉത്തരവിടാന് ഓംബുഡ്സ് മാന് അധികാരമില്ലെന്ന ടിസി മാത്യുവിന്റെ വാദം അംഗീകരിച്ചാണ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത്.

ടി സി മാത്യുവിന്റെ ഭരണകാലത്ത് സ്റ്റേഡിയം നിര്‍മാണത്തിനും മറ്റും കരാര്‍ അനുവദിച്ചതില്‍ വ്യാപക ക്രമക്കേട് നടന്നതായി ഓംബുഡ്സ്മാന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സ്റ്റേഡിയം നിര്‍മിക്കാനായി കാസര്‍കോട്ട് വാങ്ങിയത് പുറമ്പോക്ക് ഭൂമിയാണെന്നും ഈ വഴിക്ക് കെസിഎക്ക് 17.28 ലക്ഷം നഷ്‌ടമായതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത് നികത്തി നല്‍കണമെന്ന് കരാറിലുണ്ടായിരുന്നുവെങ്കിലും പാലിക്കപ്പെട്ടില്ല. പകരം നികത്തിയെടുത്ത് ചുറ്റുമതില്‍ കെട്ടിത്തിരിക്കാന്‍ 44 ലക്ഷം കെസിഐക്ക് സ്വയം ചിലവിടേണ്ടിവന്നു. ഇതിന് കരാര്‍ നല്‍കിയതാകട്ടെ ടെണ്ടര്‍ വിളിക്കാതെയും.

ഇതിനു പുറമെ 90 ലക്ഷം വരുന്ന മറ്റ് മൂന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയതായി ഓംബുഡ്സ്മാന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ വകയിലും ഭീമമായ നഷ്‌ടമുണ്ടായി. തൊടുപുഴ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ഏറ്റെടുത്ത സ്ഥലത്തെ പാറ പൊട്ടിച്ചതിലും വന്‍ ക്രമക്കേണ്ടായി. കൊച്ചിയിലെ കെസിഎ ഗസ്റ്റ് ഹൗസില്‍ ഇഷ്‌ടക്കാര്‍ക്കായി സൗജന്യ താമസമൊരുക്കിയും ടിസി മാത്യു സംഘടനയുടെ ഖജനാവ് ചോര്‍ത്തിയെന്നും ഈ വകയില്‍ 25 ലക്ഷം രൂപ നഷ്‌ടമായതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.വീട്ടുവാടകയിനത്തില്‍ ടി സി മാത്യു എട്ടേകാല്‍ ലക്ഷം രൂപ കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.