ശബരിമലയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ ആര് എത്തിയാലും അറസ്റ്റു ചെയ്യും; പട്ടിക തയാറാക്കാന്‍ നിര്‍ദേശം

47

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ സാധ്യതയുള്ള നേതാക്കളെ കരുതല്‍ തടങ്കലിലാക്കാന്‍ പൊലീസ് തീരുമാനം. പ്രതിഷേധത്തിനൊരുങ്ങുന്ന നേതാക്കളുടെ പട്ടിക തയാറാക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കി.

നിലവില്‍ സന്നിധാനവും പരിസരവുമെല്ലാം നിയന്ത്രണ വിധേയമാണങ്കിലും കൂടുതല്‍ നേതാക്കളെത്തിയാല്‍ സംഘര്‍ഷ സാധ്യതയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശബരിമലയില്‍ സന്നിധാനത്തേക്കെത്താന്‍ ശ്രമിച്ചാല്‍ തടഞ്ഞ് തിരിച്ചയക്കാനും വഴങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനുമാണ് തീരുമാനം. അങ്ങനെയാണെങ്കില്‍  കെ.സുരേന്ദ്രന്റെയും കെ.പി. ശശികലയുടെയും കരുതല്‍ നടപടികള്‍ അവസാനിക്കില്ല.

ഇത്തരത്തില്‍ പ്രതിഷേധിക്കാനായി വരുന്ന നേതാക്കളെ രഹസ്യാന്വേഷണ വിഭാഗം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാ ദിവസവും റിപ്പോര്‍ട് നല്‍കാന്‍ ഡി.ജി.പി നിര്‍ദേശിച്ചു.

അതേസമയം നെയ്യഭിഷേകം മുടങ്ങാത്ത തരത്തില്‍ തീര്‍ത്ഥാടകരെ സന്നിധാനത്ത് താമസിക്കാന്‍ അനുവദിച്ച് നിയന്ത്രണങ്ങള്‍ ഇളവ് വരുത്തിയിട്ടുണ്ട്. നിലയ്ക്കലിലും സന്നിധാനത്തും പ്രശ്നങ്ങള്‍ ഉണ്ടാക്കിയവരേയും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരേയും മാത്രമേ ഇപ്പോള്‍ പൊലീസ് നിരീക്ഷിക്കുന്നുള്ളു. ഭക്തര്‍ക്ക് യാതൊരു തടസവും ഇല്ലാതെ ശബരിമല ദര്‍ശനത്തിനുള്ള സൗകര്യമാണ് പൊലീസ് ഒരുക്കുന്നത് എന്ന് അറിയിച്ചിട്ടുണ്ട്.

നേരത്തെ രണ്ട് മണിക്ക് മാത്രമേ ഭക്തരെ കയറ്റിവിട്ടിരുന്നുള്ളൂവെങ്കിലും ഇപ്പോള്‍ ഒരുമണിക്ക് തന്നെ കയറ്റുന്നുണ്ട്. നെയ്യഭിഷേകത്തിന് ചീട്ടെടുക്കുന്നവര്‍ക്ക് അവിടെ നില്‍ക്കാനുള്ള സൗകര്യവും പൊലീസ് ചെയ്യുന്നുണ്ട്. അധികദിവസം താമസിക്കാന്‍ അനുവദിക്കില്ലെങ്കിലും നെയ്യഭിഷേകത്തിന് സാഹചര്യമൊരുക്കാനാണ് തീരുമാനം.