കുൽ ദീപ് നയ്യാരുടെ വിയോഗത്തിൽ റിയാദ് ഇന്ത്യൻ മീഡിയ അനുശോചനം രേഖപ്പെടുത്തി

149

ജനാധിപത്യത്തിന് നേരെയുയരുന്ന ഭീഷണികളെ മാധ്യമപ്രവര്‍ത്തനം കൊണ്ട് തടുക്കാമെന്ന് ബോധ്യപ്പെടുത്തിയ നിര്‍ഭയനായ പത്രപ്രവര്‍ത്തകനായിരുന്നു കുല്‍ദീപ് നയ്യാര്‍. അടിയന്തരാവസ്ഥയുടെ കിരാതനാളുകളില്‍ അതിനെതിരെ വാക്കുകളെ വാളുകളാക്കി പൊരുതിയ അദ്ദേഹം അതിന്‍െറ പേരില്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തെ അപകടപ്പെടുത്താന്‍ ശ്രമങ്ങള്‍ കൊണ്ടുപിടിച്ച് നടക്കുന്ന ഈ വര്‍ത്തമാനകാലത്തും അതേ വീര്യത്തോടെ ജാഗ്രതയുടെ മൂന്നാം കണ്ണ് തുറന്നുവെച്ച അദ്ദേഹം നിരന്തരം പോരാട്ടം നടത്തി. മാധ്യമപ്രവര്‍ത്തനത്തിന്‍െറ ആത്മാവിനെ തൊട്ടുണര്‍ത്തിയ അദ്ദേഹം ഇന്ത്യയിലെ എണ്ണം പറഞ്ഞ പത്രപ്രവര്‍ത്തക പ്രതിഭകളിലൊരാളാണ്. നിതാന്ത ജാഗ്രതയാണ് മാധ്യമപ്രവര്‍ത്തനത്തിന്‍െറ അടിസ്ഥാന ധര്‍മമെന്ന നിഷ്ഠ പുലര്‍ത്തിയ അദ്ദേഹം മലയാളത്തിലടക്കം എണ്‍പതോളം പത്രങ്ങളില്‍ ഒരേസമയം കോളമിസ്റ്റായി വിചാരങ്ങള്‍ ശക്തമായ ഭാഷയില്‍ പങ്കുവെച്ചു. ‘വരികള്‍ക്കിടയില്‍’ അദ്ദേഹം വ്യഖ്യാനിച്ച വൃത്താന്ത വര്‍ത്തമാനങ്ങള്‍ മലയാളി വായനക്കാരന്‍െറ സമകാലീന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിഷയങ്ങളിലെ ബൗദ്ധിക നിലവാരത്തെ ശക്തിപ്പെടുത്താനും അനുദിനം നവീകരണത്തിന് വിധേയമാകുന്ന ഒരു ഉള്‍ക്കാഴ്ച നേടിയെടുക്കാനും സഹായിച്ചു. അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നുപോലും വിവേകമുള്ളവരെല്ലാം ഭയപ്പെട്ടുപോകുന്ന വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍െറ വിയോഗം തീര്‍ക്കുന്ന നഷ്ടം മാധ്യമ രംഗത്തും ജനാധിപത്യ, മനുഷ്യ പക്ഷങ്ങളിലും ചെറുതല്ല. കുൽ ദീപ് നയ്യാരുടെ വിയോഗത്തിൽ റിയാദ് ഇന്ത്യൻ മീഡിയ അനുശോചനം രേഖപ്പെടുത്തി .