കുത്തിയിരിപ്പ് പ്രതിഷേധവുമായ് യുവമോര്‍ച്ച നേതാവ് ലസിത പാലയ്ക്കല്‍

230

യുവമോര്‍ച്ച നേതാവ് ലസിത പാലയ്ക്കല്‍ കണ്ണൂര്‍ പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപമാനിച്ച അവതാരകനും നടനുമായ തരികിട സാബു(സാബുമോന്‍)വിനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ലസിത പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തിയത്.

വനിതാ നേതാവായ ലസിതയെ അപമാനിച്ച തരികിട സാബുവിനെ അറസ്റ്റ് ചെയ്യാത്തതിതിനെതിരേയുള്ള പ്രതിഷേധം ശക്തമാകുമെന്ന് സൂചനയുണ്ടായിരുന്നതിനാല്‍ പാനൂര്‍ സ്റ്റേഷന് മുന്നില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിരുന്നു. എന്നാല്‍ തനിച്ചെത്തിയാണ് ലസിത പ്രതിഷേധിച്ചത്.

ചാനലിലെ റിയാലിറ്റി ഷോയിലടക്കം തരികിട സാബു പ്രത്യക്ഷപ്പെടുമ്ബോഴും പൊലീസ് മനപ്പൂര്‍ അറസ്റ്റ് ചെയ്യാന്‍ വിസമ്മതിക്കുകയാണന്നായിരുന്നു ലസിത പാലയ്ക്കലിന്റെ ആരോപണം. ലസിതയ്ക്ക് പിന്തുണ അറിയിച്ച്‌ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സുരേഷ് ബാബുവും പൊലീസ് സ്റ്റേഷനിലെത്തി.

ഫെയ്‌സ് ബുക്ക് ആസ്ഥാനത്ത് നിന്നുള്ള രേഖകള്‍ കിട്ടാന്‍ വൈകുന്നതിനാലാണ് സാബുവിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്ന് പൊലീസ് അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ സാബുവിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്ന എസ്‌ഐയുടെ ഉറപ്പിനെ തുടര്‍ന്ന് ലസിത സമരം അവസാനിപ്പിക്കുകയായിരുന്നു.