കുട്ടിക്കര്‍ഷകരുടെ അധ്വാനം ഫലം കണ്ടു

163

കാസര്‍ഗോഡ്:  പുതിയ അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കാനൊരുങ്ങി കഴിഞ്ഞ വര്‍ഷത്തെ കുട്ടിക്കര്‍ഷകരുടെ അധ്വാനഫലം. കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളില്‍ കഴിഞ്ഞവര്‍ഷം ചങ്ങാതി വാഴ പദ്ധതി പ്രകാരം കൃഷി ചെയ്ത നേന്ത്രവാഴകള്‍ വിളവെടുപ്പിന് പാകമായി. സ്‌കൂള്‍ ജീവനക്കാരനായ രവിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് വിദ്യാര്‍ഥികള്‍ വാഴക്കൃഷിക്ക് തുടക്കമിട്ടത്.

Plantain
ചങ്ങാതി വാഴ പദ്ധതി പ്രകാരം കൃഷി ചെയ്ത നേന്ത്രവാഴത്തോട്ടം

നീലേശ്വരം പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍നിന്ന് 50 ടിഷ്യുക്കള്‍ച്ചര്‍ വാഴവിത്തുകള്‍ എത്തിച്ചായിരുന്നു കൃഷി. അവധിക്കാലത്തും സ്‌കൂളിലെത്തിയിരുന്ന രവിക്കൊപ്പം സഹായത്തിനും നിര്‍ദേശങ്ങള്‍ നല്‍കാനും പ്രഥമാധ്യാപകന്‍ കെ.ജയചന്ദ്രനും കൂട്ടുചേര്‍ന്നു.

കുലച്ച വാഴകളില്‍ പകുതിയോളം വിളവെടുക്കാറായിട്ടുണ്ട്. ബാക്കിയുള്ളവ ഓണക്കാലമാകുമ്പോഴേക്കും വിളവെടുപ്പിന് പാകമാകും. വാഴക്കുലകള്‍ പുതിയ അധ്യയനവര്‍ഷത്തില്‍ ഉച്ചഭക്ഷണത്തിനൊപ്പം വിഭവങ്ങളാക്കി കുട്ടികള്‍ക്ക് നല്‍കാനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം. കറിവേപ്പില, മുരിങ്ങ, പപ്പായ തുടങ്ങിയവയും കുട്ടികള്‍ കൃഷിചെയ്യുന്നുണ്ട്.