കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

320

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 9) അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ പൂര്‍ണ്ണമായും കണ്ണൂരില്‍ രണ്ട് താലൂക്കുകള്‍ക്കുമാണ് അവധി.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷനൽ കോളേജ്‌ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ എ.ആർ. അജയകുമാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. എന്നാല്‍, പരീക്ഷകള്‍ (ഹയര്‍ സെക്കൻഡറി, കോളേജ്) മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും.

കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രൊഫഷനൽ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും.