കനത്തമഴ; മാനസരോവര്‍ തീര്‍ഥാടനത്തിന് പോയ 1575 പേര്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങി; സംഘത്തില്‍ 40 മലയാളികള്‍

174


കനത്ത മഴയെ തുടര്‍ന്ന് കൈലാസ് മാനസരോവര്‍ തീര്‍ത്ഥാടനത്തിന് പോയ ഇന്ത്യക്കാര്‍ നേപ്പാള്‍ ചൈന അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നു.
മൂന്നിടങ്ങിളിലായി 1575 പേരാണ് കുടുങ്ങി കിടക്കുന്നത്.മരണം രണ്ടായി മലയാളിയായ ലീല നന്പൂതിരിക്ക് പുറമെ തീര്‍ഥാടക സംഘത്തിലുള്‍പ്പെട്ട മറ്റൊരു സ്ത്രീ കൂടി മരിച്ചതായാണ് വിവരം. മരിച്ച ലീല നമ്പൂതിരിപ്പാടിന്റെ മൃതദേഹം എത്തിക്കുന്നത് വൈകിയേക്കും.

സിമികോട്ട് , ഹില്‍സ, ടിബറ്റന്‍ മേഖല എന്നിവിടങ്ങളിലായാണ് ഇന്ത്യയില്‍ നിന്നു പോയ 1575 തീര്‍ത്ഥാടകര്‍ കുടുങ്ങി കിടക്കുന്നത്. സിമികോട്ടില്‍ 525 പേരും ഹില്‍സയില്‍ 500ഉം ടിബറ്റന്‍ മേഖലയില്‍ 550 പേരുമാണ് ഉള്ളത്.

ഇവരില്‍ 40 മലയാളികളുമുണ്ട്. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് മരണപ്പെട്ട മലപ്പുറം വണ്ടന്നൂര്‍ സ്വദേശി ലീല നമ്പൂതിരിപ്പാടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും.

കൂടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.

കുടുങ്ങി കിട്ടക്കുന്നവരെ രക്ഷപ്പെടുത്തുവാന്‍ ഹെലികോപ്ടറടക്കമുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന കാര്യം നേപ്പാള്‍ സൈന്യം പരിഗണിച്ചേക്കും.

വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ കുടംബാംഗങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രാദേശിക ഭാഷകലിലുള്ള ഹോട്ട്‌ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാത്മണ്ടുവിലുള്ള ഇന്ത്യന്‍ എംബസ്സി പ്രതിനിധികള്‍ കുടുങ്ങി കിടക്കുന്നവരുമായി നേരിട്ടു ബന്ധപ്പെട്ടെന്നും ഇവര്‍ക്ക് വേണ്ട എല്ലാ സഹായം എത്തിച്ചതായും എംബസി അധികൃതര്‍ അറിയിച്ചു.

യാത്രികരെ മറ്റേതെങ്കിലും പാതയിലൂടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്. നിലവില്‍ യാത്രികരെ ടിബറ്റന്‍ പ്രദേശത്ത് തന്നെ പാര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.