കനത്തമഴയെ തുടർന്ന് കശ്​മീരില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്​; അമര്‍നാഥ്​ യാത്രക്ക്​ നിരോധനം

189

ജമ്മുകശ്​മീരില്‍ കനത്ത മഴ തുടരുന്നതിനിടെ അമര്‍നാഥ്​ തീര്‍ഥാടന യാത്രക്ക്​ നിരോധന​മേര്‍പ്പെടുത്തി. മഴയില്‍ ഒന്നിലേറെ സ്ഥലത്ത്​ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്നാണ്​ നിരോധനം. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന്​ ബാല്‍താല്‍ റൂട്ട്​ വഴിയുള്ള അമര്‍നാഥ്​ യാത്രക്കും കഴിഞ്ഞ ദിവസം നിരോധനമേര്‍പ്പെടുത്തിയിരുന്നു.

അമര്‍നാഥ്​ യാത്രക്കുള്ള രണ്ട്​ ബേസ്​ ക്യാമ്ബുകളിലൊന്നായ പഹല്‍ഗാമില്‍ 27.8 മില്ലി മീറ്റര്‍ മഴയാണ്​ ലഭിച്ചത്​​. കഴിഞ്ഞ ദിവസം എല്ലാ തീര്‍ഥാടകരും രണ്ടു ബേസ്​ ക്യാമ്ബുകളിലും സുരക്ഷിതമായി എത്തിച്ചേര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ദക്ഷിണ കശ്​മീരിലെ അനന്ത്​നാഗ്​ ജില്ലയില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍​ ഝലം നദിയിലെ ജലനിരപ്പ് 21 അടിയിലും മുകളിലേക്ക്​ അപകടകരമാം വിധം ഉയര്‍ന്നിരിക്കുകയാണ്​. ഝലം നദിയുടെ അരികെയും മറ്റ്​ താഴ്​ന്ന പ്രദേശങ്ങളിലും കഴിയുന്നവര്‍ക്ക്​ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്​.

അതിവേഗം ജലനിരപ്പ്​ ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്​. 2014ലേതു പോലുള്ള വെള്ളപ്പൊക്കം ഇത്തവണയും ഉണ്ടായേക്കാമെന്ന​ ഭയത്തിലാണ്​ ജനം. 2014ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ വ്യാപകമായ നാശനഷ്​ടമുണ്ടാവുകയും 300ഒാളം പേര്‍ മരിക്കുകയും ചെയ്​തിരുന്നു.