ഓണം – അഞ്ജലി രാധാകൃഷ്ണൻ, മസ്കറ്

അഞ്ജലി രാധാകൃഷ്ണൻ മസ്കറ്

218

വീട്ടിലേക്കു സാധനങ്ങൾ വാങ്ങാൻ അടുത്തുള്ള ഹൈപ്പർമാർകെറ്റിൽ കയറിയതാണ് . പച്ചക്കറികൾ ബിൽ ചെയ്‌തു തരുമ്പോൾ കൗണ്ടറിൽ ഇരുന്ന ചെറുപ്പക്കാരൻ ചോദിച്ചു , “പൂക്കളും വാഴയിലയും വേണ്ടേ ചേച്ചി “. ഇത്തവണ വേണ്ടാ , ഒന്നിനും ഒരു ഉത്സാഹമില്ല . ഞാൻ മറുപടി നൽകി. “എല്ലാവരും ഇതു തന്നെയാ പറയുന്നത് “. അയാൾ പറഞ്ഞു ,”ഓണത്തിന് വേണ്ടി വരുത്തിയ പൂവും ഏത്ത കുലകളും കെട്ടികിടക്കുകയാ “. അതുപറഞ്ഞു അയാൾ പുഞ്ചിരിച്ചു . സാധനങ്ങളുമെടുത്ത ഞാൻ വീട്ടിലേക്കു നടന്നു . ആകെ മനസ്സിനൊരു ഭാരം പോലെ .

ഫ്ലാറ്റിൽ എത്തിയിട്ടും ഒരു സമാധാനമില്ലായ്മ. ഞങ്ങളുടെ നാട്ടിൽ കാര്യമായ പ്രശനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും ….ഫോണെടുത്തു വീട്ടിലേക്കു വിളിച്ചു. മുത്തശ്ശിയാണ് ഫോണെടുത്തത്. അച്ഛനും അമ്മയും പുറത്തുപോയിരുന്നു. ഓണം ഏതുവരെ ആയി ,” ഞാൻ ചോദിച്ചു . “എന്റെ ഓർമയിൽ പൂക്കളവും പായസവും ആളും ബഹളവും ഇല്ലാത്ത ഓണം ആദ്യമായിട്ടാ . ഒരു നെടുവീർപ്പോടെ മുത്തശ്ശി പറഞ്ഞു . പൂക്കളം ഇടമായിരുന്നില്ലേ , ഞാൻ ചോദിച്ചു . കുഞ്ഞേ , ഓണം സമൃദ്ധിയുടെ ആഘോഷമാണ് . നാടും നാട്ടാരും കഷ്ടപെടുമ്പോൾ എന്ത് ഓണം . ഒന്ന് നിർത്തിയിട്ടു മുത്തശ്ശി തുടർന്നു ,ഇവിടെയിപ്പോൾ പിള്ളേരെല്ലാം മൺവെട്ടിയും ചൂലുമെല്ലാം എടുത്ത് ഓരോ സ്ഥലങ്ങളിലേക്കു ഓട്ടമാ . ചെളി കയറിയ വീടുകൾ വൃത്തിയാക്കാൻ.
ഫോൺ വച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ ചെറിയൊരു സന്തോഷം നിറയുന്നത് ഞാനറിഞ്ഞു. ജന്മനാടിന്റെ ദുരന്തം ഓരോരുത്തരും ഏറ്റുവാങ്ങിയത് അവരുടെ മനസുകളിലേക്കാണ്. ഓരോരുത്തരും അവരവരുടെ അവസ്ഥക്കൊത്തു ഓരോന്നു ചെയ്യുന്നു . നമുക് ഓണമില്ലായെന്നു ആരാണ് പറഞ്ഞത് . സ്നേഹത്തിന്റെയും നന്മയുടെയും പരോപകാരത്തിന്റെയും സമൃദ്ധിയിലല്ലേ നാമിപ്പോൾ . ഇതല്ലേ ശരിയായ ഓണം !!!

വാൽക്കഷ്ണം
അങ്ങനെ അല്പം സമാധാനത്തോടെ ഫേസ് ബുക്ക് തുറന്നപ്പോൾ അതാ വരുന്നു ചിലരുടെ ഓണം പോസ്റ്റുകൾ . സദ്യയുടെ ഫോട്ടോക്ക് അടിക്കുറിപ്പ് ” സാധാരണ 32 ഐറ്റംസ് ഉണ്ടാവാറുണ്ട് , ഇത്തവണ 28 എണ്ണമേ ഉള്ളു “. ഇനിയൊരാൾ ” കിഡ്സ് സെലിബ്രേറ്റിംഗ് ഓണം ഇൻ ഗോഡ്സ് ഓൺ കൺട്രി ” എന്ന ടാഗ്‌ലൈനോടെ പടക്കം പൊട്ടിച്ചാഘോഷിക്കുന്ന ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നു . അപ്പോഴാണ് ഒരു സംശയം തോന്നിയത് . ഏതായിരുന്നു യഥാർത്ഥ ദുരന്തം , പ്രളയമോ അതോ ഇവരെപോലെയുള്ളവരോ …….