“ഒരു ചായക്കടക്കാരന്റെ മൻ കീ ബാത്ത്” റിയാദിൽ

173

റിയാദ് :കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല ഡോക്യൂമെന്ററി ഫിലിമിനുള്ള പുരസ്‌കാരം നേടിയ “ഒരു ചായക്കടക്കാരന്റെ മൻ കീ ബാത്ത്” എന്ന ഡോക്യൂമെന്ററി ഫിലിം നവോദയയുടെ ആഭിമുഖ്യത്തിൽ റിയാദിൽ പ്രദർശിപ്പിക്കുന്നു.
ഒക്ടോബർ 12 , വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് റിയാദ് ബത്ത ഷിഫാ അൽ ജസീറ ഹാളിലിലാണ് ചിത്രത്തിന്റെ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത് .
നോട്ടു നിരോധനത്തിനെതിരെ ഒരു വൃദ്ധൻ നടത്തിയ ഒറ്റയാൾ സമരത്തിന്റെ പശ്ചാത്തലം പറയുന്ന സിനിമ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അപ്രതീക്ഷിത നോട്ടു നിരോധനത്തെ തുടർന്ന് നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ ബുദ്ധിമുട്ടായതോടെ തന്റെ സമ്പാദ്യം മുഴുവൻ ചായക്കടയിലെ അടുപ്പിലിട്ട് കത്തിച്ചു പ്രതിഷേധവും രോഷവും പ്രകടിപ്പിക്കുകയും തലയിലേയും മീശയിലേയും പകുതി രോമം വടിച്ചു മോഡി ഭരണം അവസാനിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത “മാക്സി മാമയുടെ” കഥയാണ് സനു കുമ്മിൾ എന്ന അധ്യാപകൻ പായുന്നത്. പ്രദർശനത്തെ തുടർന്ന് പൊതുചർച്ചയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു .