ഐപിഎല്‍ ലൈവ്; എയര്‍ടെലിന്റെ പരസ്യത്തിനെതിരേ റിലയന്‍സ് ജിയോ സുപ്രീംകോടതിയില്‍

എയര്‍ടെല്‍ പരസ്യം ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇതില്‍ ഡാറ്റാ ഉപയോഗത്തില്‍ വരുന്ന ചെലവ് എയര്‍ടെല്‍ ഉപയോക്താക്കളെ അറിയിക്കുന്നില്ലെന്നും എയര്‍ടെല്‍ പരസ്യം പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യണമെന്നും ജിയോ പരാതിയില്‍ ആവശ്യപ്പെടുന്നു.

192

ന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രക്ഷേപണം ചെയ്യുന്നതുമായി ബന്ധപ്പെട്ട എയര്‍ടെലിന്റെ പരസ്യത്തിനെതിരേ റിലയന്‍സ് ജിയോ സുപ്രീം കോടതിയില്‍. എയര്‍ടെലിന്റെ ”ടി20 ലൈവ് ആന്റ് ഫ്രീ’ എന്ന പരസ്യത്തിനെതിരേയാണ് ജിയോ നിയമ നടപടി സ്വീകരിക്കുന്നത്. ഈ വിഷയത്തില്‍ നല്‍കിയ കേസ് നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരേയാണ് ജിയോ സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ മുമ്പാതെ ഈ വിഷയം എത്തിയെങ്കിലും അദ്ദേഹം അത് മേയ് 18 ലേക്ക് മാറ്റിവെക്കുകയായിരുന്നു.

തങ്ങളുടെ നെറ്റ്‌വര്‍ക്ക് വഴി സൗജന്യമായി ലൈവ് ക്രിക്കറ്റ് മത്സരങ്ങള്‍ കാണാം എന്നാണ് വിവിധ മാധ്യമങ്ങളിലായി എയര്‍ടെല്‍ പ്രചരിപ്പിക്കുന്ന ‘ടി 20 ലൈവ് ആന്റ് ഫ്രീ പരസ്യം വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇത് യഥാര്‍ഥത്തില്‍ ഹോട്ട്‌സ്റ്റാര്‍ ആപ്പ് വഴിയുള്ള ക്രിക്കറ്റ് ലൈവ് പ്രക്ഷേപണത്തിനുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷനാണ് ഈ ഓഫര്‍ എന്നാണ് ജിയോ ചൂണ്ടിക്കാണിക്കുന്നത്.

ഏപ്രില്‍ 13 നാണ് ഈ വിഷയം ഉന്നയിച്ച് റിലയന്‍സ് ജിയോ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എയര്‍ടെല്‍ പരസ്യം ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇതില്‍ ഡാറ്റാ ഉപയോഗത്തില്‍ വരുന്ന ചെലവ് എയര്‍ടെല്‍ ഉപയോക്താക്കളെ അറിയിക്കുന്നില്ലെന്നും എയര്‍ടെല്‍ പരസ്യം പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യണമെന്നും ജിയോ പരാതിയില്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ ഡാറ്റാ ഉപയോഗത്തിന് നിലവിലുള്ള പ്ലാന്‍ അനുസരിച്ചുള്ള ചാര്‍ജ് ഈടാക്കുമെന്ന് പരസ്യം സൂചിപ്പിക്കുന്നുണ്ടെന്നാണ് എയര്‍ടെല്‍ പറയുന്നത്.

ഹോട്‌സ്റ്റാര്‍ കഴിഞ്ഞ തവണ അഞ്ച് മിനിറ്റ് വൈകിയാണ് ഐപിഎല്‍ മത്സരങ്ങള്‍ പ്രക്ഷേപണം ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ ലൈവായാണ് നല്‍കുന്നത്. തങ്ങളുടെ നെറ്റ്​വര്‍ക്ക് വഴി ഐപിഎല്‍ മത്സരങ്ങള്‍ ലൈവായി കാണാം എന്ന് എയര്‍ടെല്‍ പരസ്യം പറയുമ്പോള്‍ അത് യഥാര്‍ഥത്തില്‍ ഡാറ്റാ സൗകര്യമുള്ള ആര്‍ക്കും ഏത് നെറ്റ്​വര്‍ക്ക് വഴിയും ലഭ്യമാവുന്ന ഹോട്‌സ്റ്റാര്‍ സേവനമാണെന്നത് പരസ്യം വ്യക്തമാക്കുന്നില്ല എന്നുള്ളത് എയര്‍ടെല്‍ വ്യക്തമാക്കുന്നില്ല എന്നാണ് ജിയോയുടെ പരാതി. റിലയന്‍സ് ജിയോയും ഐപിഎല്‍ മത്സരങ്ങള്‍ക്കായി പ്രത്യേകം പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്.