എസ് ഹരീഷിന് പിന്തുണയുമായി സര്‍ക്കാര്‍; നോവല്‍ പിന്‍വലിക്കരുതെന്ന് മന്ത്രി ജി സുധാകരന്‍

194

തിരുവനന്തപുരം: സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് പ്രസിദ്ധീകരണത്തിലിരുന്ന മീശ എന്ന നോവല്‍ പിന്‍വലിക്കേണ്ടി വന്ന സംഭവത്തില്‍ യുവ എഴുത്തുകാരന്‍ എസ് ഹരീഷിന് പിന്തുണയുമായി സര്‍ക്കാര്‍ രംഗത്ത്. നോവല്‍ പിന്‍വലിക്കരുതെന്ന് മന്ത്രി ജി സുധാകരന്‍ ഹരീഷിനോട് ആവശ്യപ്പെട്ടു. മതമൗലിക വാദികളുടെ ഭീഷണിയില്‍ എഴുത്ത് നിര്‍ത്തരുതെന്ന് മന്ത്രി നിര്‍ദേശിച്ചു. മതമൗലികാവാദികളുടെ ഭീഷണിയെ തുടര്‍ന്ന് നോവല്‍ പിന്‍വലിക്കേണ്ടി വന്നത് സാംസ്‌കാരിക കേരളത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എഴുത്തുകാരന് ഒരു തരത്തിലുള്ള സംരക്ഷണവും ലഭിച്ചില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.ഹരീഷിനെതിരെ ഭീഷണി മുഴക്കിയവര്‍ക്കെതിരെ കേസെടുക്കുന്നതില്‍ ആഭ്യന്തരവകുപ്പിന് വീഴ്ചപറ്റിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് ഹരീഷ് നോവല്‍ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളെടുത്ത് സ്ത്രീവിരുദ്ധവും മതനിന്ദയുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘപരിവാര്‍ ഹരീഷിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. വിമര്‍ശനങ്ങള്‍ ഒടുവില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും കുടുംബാംഗങ്ങളെ വരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലേക്കും നീണ്ടു. യോഗക്ഷേമസഭ നോവല്‍ പ്രസിദ്ധീകരിച്ച് വന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ക്ക് പരാതി നല്‍കുകയും മാസിക കത്തിച്ച് പ്രതിഷേധിക്കുകയും ചെയത്.ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഹരീഷ് നോവല്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായത്.അതേസമയം, ഹരീഷിന് ഉറച്ച പിന്തുണയുമായി സാംസ്‌കാരിക നായകര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഘപരിവാര്‍ ഭീഷണിയ്ക്ക് വഴങ്ങി ഹരീഷ് നോവല്‍ പിന്‍വലിക്കേണ്ടിയിരുന്നില്ല എന്നാണ് സാഹിത്യനായകന്‍മാര്‍ അഭിപ്രായപ്പെടുന്നത്.