എടിഎമ്മിൽ 12 ലക്ഷം രൂപയുടെ നോട്ടുകൾ എലി കരണ്ടു

222

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു എടിഎം മെഷീനിൽ നിന്ന് എലി നോട്ടുകൾ കരണ്ടു. ആ​സാ​മി​ലെ തിൻസുകി​യയിലാണ് സംഭവം.
സംഭവത്തില്‍ ബാങ്കിന് 12 ല​ക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. എടിഎമ്മിൽ 29 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ഇ​തി​ല്‍ 12,38,000 രൂ​പയാണ് എ​ലി​ക​ള്‍ ന​ശി​പ്പി​ച്ചത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളാണ് എലികൾ നശിപ്പിച്ചത്.

എ​ടി​എം മെ​ഷീ​നി​ല്‍ സാങ്കേതിക തകരാര്‍ സംഭവിച്ചതോടെ മേ​യ് 20 മു​ത​ല്‍ എ​ടി​എം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ സമയത്താണ് എലികള്‍ എ​ടി​എ​മ്മി​ല്‍ ക​യ​റിക്കൂടി നോട്ടുകള്‍ കരണ്ടത്. ഈ ​മാ​സം 11-ന് ​മെ​ഷീ​ന്‍ നന്നാക്കാന്‍ ​ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍ എത്തിയപ്പോഴാണ് നോട്ടുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

17 ല​ക്ഷം രൂ​പ നശിപ്പിക്കാത്ത നിലയില്‍  കണ്ടെടുത്തിട്ടുണ്ടെന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഈ സംഭവത്തിൽ മറ്റ് ആസൂത്രിതനീക്കമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു. ചിലർ സംശയാസ്പദമായ സാഹചര്യത്തിൽ  എടിഎമ്മിന് ചുറ്റും കറങ്ങി നടന്നിരുന്നതായി പ്ര​ദേശവാസികൾ പറഞ്ഞു.