ഉന്നാവോയ്ക്ക് പിന്നാലെ യുപിയിലെ മറ്റൊരു ബിജെപി എംഎല്‍എയ്‌ക്കെതിരെയും ലൈംഗിക പീഡന പരാതി; ‘പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു’; വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടി

169

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബിജെപി എംഎല്‍എ പെണ്‍കുട്ടിയെ ക്രുരപീഡനത്തിന് വിധേയയാക്കിയ വാര്‍ത്തകളുടെ നടുക്കം വിട്ടു മാറും മുമ്പ് മറ്റൊരു ബിജെപി എംഎല്‍എയ്‌ക്കെതിരെയും ലൈംഗികപീഡന പരാതി.

പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പെ  ബിജെപി എംഎല്‍എ രണ്ട് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായാണ് പെണ്‍കുട്ടി രംഗത്തെത്തിയത്. ബദൗനിയിലെ ബിസൗലി മണ്ഡലത്തിലെ എംഎല്‍എ കുശാഗ്ര സാഗറിനെതിരെയാണ് ബറെയ്‌ലി പൊലീസില്‍ പരാതി നല്‍കിയത്.

കുശാഗ്ര സാഗറിന്റെ വീട്ടുജോലിക്കാരിയുടെ മകളാണ് പരാതിക്കാരി. എംഎല്‍എ തന്നെ വിവാഹ വാഗ്ദാനം നല്‍കി രണ്ടു വര്‍ഷത്തോളം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ജൂണില്‍ ഉന്നാവോ പീഡനക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ സിബിഐയുടെ പിടിയിലായി ദിവസങ്ങള്‍ക്കു ശേഷമാണ് പീഡനം നടന്നത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

‘ആദ്യ തവണ പീഡനത്തിനിരയാക്കിയപ്പോള്‍ തന്നെ എംഎല്‍എയുടെ പിതാവ് ഇക്കാര്യം അറിഞ്ഞു. പ്രായപൂര്‍ത്തിയായ ശേഷം എംഎല്‍എ തന്നെ വിവാഹം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പിതാവ് യോഗേന്ദ്ര സാഗര്‍ തനിക്ക് ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ എംഎല്‍എയുടെ വിവാഹം മറ്റൊരു യുവതിയുമായി നിശ്ചയിച്ചു. ജൂണ്‍17ന് അദ്ദേഹത്തിന്റെ വിവാഹം നടക്കാന്‍ പോവുകയാണ്. അതിന് താന്‍ അനുവദിക്കില്ല. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും.’ പീഡനത്തിനിരയായ പെണ്‍കുട്ടി പറയുന്നു.

എംഎല്‍എയ്‌ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ തനിക്കെതിരെ ഭീഷണി വരുന്നതായും പെണ്‍കുട്ടി വ്യക്തമാക്കി. ഭീഷണിപ്പെടുത്തിക്കൊണ്ട് ഫോണ്‍കോളുകള്‍ വരുകയാണെന്നും സമൂഹത്തില്‍ പരിഹാസപാത്രമായി മാറുകയാണ് താനെന്നും പെണ്‍കുട്ടി പറഞ്ഞു.