‘ഇഷാനും സൂര്യയ്ക്കും ആദരം’; ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് വിവാഹ വിരുന്നൊരുക്കി സംസ്ഥാന സാമൂഹ്യനീതി വകുപ്പ്

139

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളെ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആദരിക്കുന്നു. ഈ മാസം 1ാം തിയതി വിവാഹിതരായ തിരുവനന്തപുരത്തെ ഇഷാന്‍- സൂര്യ ദമ്പതികള്‍ക്കാണ് ആദരം. ഇന്ന് വൈകിട്ട് ഏഴിന് തമ്പാനൂരിലെ ഡിമോറോ ഹോട്ടലിലാണ് പരിപാടി. സാമൂഹ്യ നീതി വകുപ്പ് മന്ത്രി എകെ ബാലന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും

ട്രാന്‍സ് സ്ത്രീ സൂര്യയും ട്രാന്‍സ് പുരുഷന്‍ ഇഷാനും തിരുവനന്തപുരത്ത് മന്നം ക്ലബ്ബിലാണ് വിവാഹിതരായിരുന്നത്. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറുടെ വളര്‍ത്തുപുത്രിയാണ് സൂര്യ. ട്രാന്‍സ്‌ജെന്‍ഡര്‍ ശ്രീക്കുട്ടിയുടെ വളര്‍ത്തുമകനാണ് ഇഷാന്‍ കെ. ഷാന്‍. ഇരുവരുടേയും കുടുംബങ്ങളുടെ സമ്മതപ്രകാരമാണ് വിവാഹം നടന്നത്.

പാറ്റൂര്‍ മടത്തുവിളാകത്തു വീട്ടില്‍ വിജയകുമാരന്‍ നായരുടെയും ഉഷാ വിജയന്റെയും മകളാണ് സൂര്യ. വള്ളക്കടവ് മുഹമ്മദ് കബീറിന്റെയും ഷാനിഫാ കബീറിന്റെയും മകനാണ് ഇഷാന്‍. വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് സൂര്യ. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണ് ഇരുവരും. അതുകൊണ്ടുതന്നെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്.