ഇവർ അഭയാർത്ഥികളല്ല ,സൗദിയിൽ ഇവർ സുരക്ഷിതർ

79

റിയാദ് :സൗദി അറേബ്യയിലെ പൈതൃകോത്സവമായ മുപ്പത്തി മൂന്നാമത് ജനാദ്രിയ ഉത്സവത്തിന്റെ ഭാഗമായി സൗദി ഭരണാധികാരിയുടെ ക്ഷണിതാവായി റിയാദിൽ എത്തിയ കെ എൻ എം വൈസ് പ്രസിഡന്റ് ഡോ .ഹുസ്സൈൻ മടവൂർ സൗദിയിൽ അഭയാർത്ഥികളെ കുറിച്ചും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിനെ കുറിച്ചും എഴുതിയ ലേഖനം നവമാധ്യമങ്ങളിൽ വൈറലാകുന്നു. ലേഖനത്തിന്റെ പൂർണ രൂപം:
ഹുസൈൻ മടവൂർ എഴുതുന്നു : അൽഹംദുലില്ലാഹ്..
മ്യാൻമാർ, സിറിയ, യമൻ തുടങ്ങിയ രാജ്യങ്ങളിൽ ആഭ്യന്തര കലാപങ്ങളിൽ നിന്നും യുദ്ധങ്ങളിൽ നിന്നും ജീവനും കൊണ്ടോടുന്ന പാവം മനുഷ്യരെ ഫ്രാൻസും ഇംഗ്ലണ്ടും യൂറോപ്പിലെ മറ്റു രാഷ്ട്രങ്ങളും അഭയാർത്ഥികളായി സ്വീകരിക്കുമ്പോൾ സ്വൗദി അറേബ്യ അവരെ സ്വീകരിക്കാത്തതെന്താണെന്ന് പലരും ചോദിക്കാറുണ്ട്. വിമർശിക്കാറുണ്ട്. ഇന്ത്യയിലെ സഊദി അമ്പാസിഡറോടും സഊദിയിലെ ഉത്തരവാദപ്പെട്ട പല രോടും ഞാനിത് ചോദിച്ചിരുന്നു. സഊദി സർക്കാർ അഭയാർത്ഥികളെ സഹായിക്കുന്നുണ്ട് എന്ന് മൊത്തത്തിൽ പറയുകയല്ലാതെ കൃത്യമായ ഒരു മറുപടി കിട്ടിയിരുന്നില്ല. ഇന്ന് റിയാദിലെ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ
സന്ദർശിച്ചപ്പോൾ എൻ്റെ സംശയത്തിന്ന് മറുപടി കിട്ടി. സൗദി അറേബ്യൻ ഭരണകൂടം യമൻ, സിറിയ, റോഹിങ്ക്യ, മ്യാൻമാർ ,സിറിയ, ഇറാഖ്, തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി പതിമൂന്ന് ലക്ഷത്തോളം അഭയാർത്ഥികൾക്ക് എല്ലാ സൗകര്യങ്ങളും നൽകി മാന്യമായി സംരക്ഷിച്ചു വരുന്നുണ്ട്. വർഷങ്ങളായി ആയിരക്കണക്കിന്ന് ഫലസ്തീൻ അഭയാർത്ഥികളും ഇവിടെയുണ്ട്. എന്നാൽ അവർക്ക് വേണ്ടി റെഫ്യൂജീസ് ക്യാമ്പുകൾ ഇവിടെ ഇല്ല. സ്വന്തം പൗരന്മാരെ പോലെ വീടുകളിലും ഫ്ലാറ്റുകളിലും വില്ലകളിലുമാണവരെ പാർപ്പിച്ചിരിക്കുന്നത്‌. അവർക്ക് ജോലി നോക്കാം. സമ്പാദിക്കാം. കുട്ടികൾക്ക് സൗദിക്കുട്ടികളോടൊപ്പം സ്കൂളിൽ പഠിക്കാം. ഭക്ഷണവും ചികിൽസയും എല്ലാം ഫ്രീ.
ഈ ആളുകൾ (زائر) Visiters എന്നോ ( ضيف) Guests എന്നോ ആണ് ഇവിടെ അറിയപ്പെടുന്നത്. അത് കൊണ്ട് സഊദിയിലെ അഭയാർത്ഥികളുടെ എണ്ണം എവിടെയും കാണില്ല.ശരിയാണ്. ഇവിടെ അഭയാർത്ഥികളില്ല. ഉള്ളത് പന്ത്രണ്ട് ലക്ഷം അതിഥികൾ. കഴിഞ്ഞ 3 വർഷം കൊണ്ട് 168 കോടിയോളം ഡോളറിൻ്റെ ആശ്വാസ പ്രവർത്തനങ്ങളാണ് 42 രാജ്യങ്ങളിലായി ഈ സെൻറർ മുഖേന ചെലവഴിച്ചത്. മറ്റു ഏജൻസികൾ മുഖേന ധാരാളം സഹായങ്ങൾ വേറെയും നൽകുന്നു. ഭക്ഷണം, പാർപ്പിടം , ചികിത്സ, വിദ്യാഭ്യാസം, കുടിവെള്ളം…. തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഈ സെൻ്റർ കൂടുതൽ പണം ചെലവഴിച്ചത്. സുനാമി, വെള്ളപ്പൊക്കം തുടങ്ങിയവയുണ്ടായപ്പോൾ പല രാഷ്ട്രങ്ങൾക്കും അടിയയന്തിര സഹായമെത്തിച്ചു. സൽമാൻ രാജാവിൻ്റെ പ്രത്യേക താൽപര്യത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് സൽമാൻ ഈ സെൻ്ററിൻ്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് UN ഉൾപ്പെടെ ഇരുപതോളം ലോക വേദികളുടെ പദ്ധതി നടത്തിപ്പു പങ്കാളിയായി മാറിയത് അദ്ഭുതം തന്നെ