‘ഇപിഎല്‍ അടുത്ത സീസണിലും സിറ്റിക്ക്, ലിവര്‍പൂള്‍ രണ്ടാമത്’

163

അടുത്ത സീസണിലെ പ്രീമിയര്‍ ലീഗിന്റെ അവസാനഫലം ഇഎസ്പിഎന്‍ പ്രവചിച്ചപ്പോള്‍ വീണ്ടും ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ അത്ഭുതങ്ങള്‍ കാണിച്ച ലിവര്‍പൂളിന് അടുത്ത സീസണിലും കിരീടം നേടാന്‍ കഴിയില്ലെന്നാണ് ഇഎസ്പിഎന്‍ പ്രവചനം. ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തും ടോട്ടനം ഹോസ്പര്‍ മൂന്നാം സ്ഥാനത്തും എത്തിപ്പോള്‍ ഈ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാം സ്ഥാനത്താണ്.

അതേ സമയം ഈ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാതിരുന്ന ആഴ്‌സനലും ചെല്‍സിയും അടുത്ത സീസണിലും യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.

മുന്‍ റയല്‍, ലിവര്‍പൂള്‍ പരിശീലകനായ റാഫാ ബെനിറ്റസിന്റെ നേതൃത്വത്തിലുള്ള ന്യൂകാസില്‍ യുണൈറ്റഡ് പുതിയ സീസണില്‍ ഏഴാം സ്ഥാനത്ത് എത്തുമെന്നാണ് പ്രവചനം. ഈ സീസണില്‍ ന്യൂകാസില്‍ പത്താം സ്ഥാനത്തായിരുന്നു. പ്ലേ ഓഫ് മത്സരം കളിച്ച് പ്രീമിയര്‍ ലീഗിലെത്തിയ ഫുള്‍ഹാമാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് ഇഎസ്പിഎന്‍ പ്രവചിക്കുന്നത്. ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം പ്രീമിയര്‍ ലീഗില്‍ പത്താം സ്ഥാനത്തെത്തുമെന്നാണ് പ്രവചനം. കാര്‍ഡിഫ്, വാട്‌ഫോഡ്, ഹസര്‍ഫീഡ് എന്നീ ക്ലബുകള്‍ തരം താഴ്ത്തപ്പെടുമെന്നും പറയുന്നു.

എന്നാല്‍ ഇഎസ്പിഎന്നിന്റെ സര്‍വേക്കെതിരെ ആരാധകര്‍ രംഗത്തു വന്നിട്ടുണ്ട്. എവര്‍ട്ടണ്‍, വെസ്റ്റ്ഹാം, ലീസസ്റ്റര്‍ സിറ്റി എന്നിവരെ മറികടന്ന് ഫുള്‍ഹാം പത്താം സ്ഥാനത്തെത്തുമെന്നതിനെയാണ് ആരാധകര്‍ പ്രധാനമായും ചോദ്യം ചെയ്തിരിക്കുന്നത്. ഈ സീസണില്‍ അത്ഭുത പ്രകടനം നടത്തിയ ബേണ്‍ലി അടുത്ത സീസണില്‍ പതിനഞ്ചാം സ്ഥാനത്തേക്ക് പതിക്കുമെന്നും ഇഎസ്പിഎന്‍ പറയുന്നു. എന്തായാലും പ്രീമിയര്‍ ലീഗില്‍ ഗാര്‍ഡിയോളയുടെ അപ്രമാദിത്വത്തിനു തടയിടാന്‍ അടുത്ത സീസണിലും ആര്‍ക്കുമാവില്ലെന്ന സൂചനകളാണ് ഇഎസ്പിഎന്‍ നല്‍കുന്നത്.