ഇന്ത്യയിൽ നിന്ന് വൻ തോതിൽ മരുന്നുകൾ ഇറക്കുമതി ചെയ്യാൻ ഒരുങ്ങി ചൈന

185

ഇന്ത്യയിൽ നിന്ന് വൻ തോതിൽ മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിന് കളമൊരുക്കി ചൈന, ഇന്ത്യൻ നിർമ്മിത മരുന്നുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നു. കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള മരുന്നുകളാണ് ചൈന ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുക. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ് ചൈനയുടെ ഇറക്കുമതിയിൽ അധികവും. ഇതിനു വില അധികമായതിനാലാണ് ചൈന ഇന്ത്യൻ മാർക്കറ്റിനെ ആശ്രയിക്കുന്നത്. പല മരുന്നുകളും യുറോപ്പിനേക്കാൾ പത്തിലൊന്ന് വിലയ്ക്ക് ഇന്ത്യയ്ക്ക് ചൈനയിൽ വിൽക്കാൻ കഴിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചൈന ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് മികച്ച അവസരമൊരുക്കുന്നത്.
ഫാർമസ്യൂട്ടിക്കൽ എക്സ്പോർട് പ്രൊമോഷൻ കൗൺസിലിന്റെ കണക്കുകൾ പ്രകാരം 2014 -15 ൽ ഇന്ത്യ 13 .80 കോടി ഡോളറിന്റെ മരുന്നുകൾ ചൈനയിലേക്ക് കയറ്റി അയച്ചിരുന്നു. ഏപ്രിൽ മാസത്തിൽ 28 മരുന്നുകളുടെ ഡ്യൂട്ടി ചൈന പൂർണമായും ഒഴിവാക്കി. മരുന്നുകൾ ഉൾപ്പടെ 8549 സാധനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ചൈന തയാറായിട്ടുണ്ട്. 3142 ഉത്പന്നങ്ങളുടെ തീരുവ ഇന്ത്യയും കുറയ്ക്കും.