ഇന്ത്യയിലെ 20 കോടി വാട്സാപ്പുകാർക്ക് പണമിടപാട് ഫീച്ചർ കിട്ടും

160

സോഷ്യൽമീഡിയ കമ്പനിയായ ഫെയ്സ്ബുക്കിന്റെ കീഴിലുള്ള വാട്സാപ്പിലെ പുതിയ പെയ്മെന്റ് ഫീച്ചർ 20 കോടി ഇന്ത്യയ്ക്കാർക്ക് അടുത്ത ആഴ്ച മുതൽ ലഭിക്കും. നേരത്തെ തന്നെ പരീക്ഷണം തുടങ്ങിയ വാട്സാപ്പ് പെയ്മെന്റ് ഫീച്ചർ 20 കോടി ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് ഫെയ്സ്ബുക് അധികൃതർ അറിയിച്ചു.

ഇന്ത്യയിലെ മുൻനിര ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവരുമായി ചേര്‍ന്നാണ് വാട്സാപ്പ് പെയ്മെന്റ്സ് നടപ്പിലാക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും വാട്സാപ്പ് പെയ്മെന്റ്സിനൊപ്പം വൈകാതെ ചേരുമെന്നാണ് അറിയുന്നത്.

നേരത്തെ പത്ത് ലക്ഷം പേർക്കാണ് വാട്സാപ്പ് പെയ്മെന്റ്സ് ഫീച്ചർ നൽകിയിരുന്നത്. ഇവരിൽ നിന്ന് ഇൻവിറ്റേഷൻ ലഭിക്കുന്നവർക്കാണ് വാട്സാപ്പ് പെയ്മെന്റ്സ് അംഗത്വം ലഭിക്കുക. വാട്സാപ്പ് വഴിയുള്ള പണമിടപാടിന് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ (എൻപിസിഐ) നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു.

‘വാട്സാപ് ഭീം യുപിഐ’ 10 ലക്ഷത്തിൽ കൂടാത്ത ഉപയോക്താക്കൾക്കായി നടത്താനാണ് നിലിവിലെ അംഗീകാരം. ഇതിനാണ് മാറ്റം വരാൻ പോകുന്നത്. ഇടപാടിലെ തുകയ്ക്ക് പരിധിയുമുണ്ടാകും. രാജ്യത്തെ ഡിജിറ്റൽ പണമിട‌പാടുകൾക്കു സൗകര്യമൊരുക്കാൻ റിസർവ് ബാങ്ക് രൂപം നൽകിയതാണ് എൻപിസിഐ.