ഇന്ത്യയിലെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശുവും ഡോ.സുഭാഷ് മുഖര്‍ജി എന്ന രക്തസാക്ഷിയും

ഇന്ത്യയിലെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശുവിന് രൂപം നല്‍കിയ ഡോ. സുഭാഷ് മുഖര്‍ജിയുടേത് സമാനതകളില്ലാത്ത ഒരു ദുരന്തകഥയാണ്. ലോകോത്തരമായ ആ ശാസ്ത്രമുന്നേറ്റത്തിന്റെ പേരില്‍ സ്വന്തം ജീവന്‍ അദ്ദേഹത്തിന് വിലനല്‍കേണ്ടി വന്നു.

165

പ്രാചീനഭാരതത്തില്‍ ടെസ്റ്റ്ട്യൂബ് ശിശുക്കളെ സൃഷ്ടിക്കാനുള്ള വിദ്യ ഉണ്ടായിരുന്നതായും, സീതാദേവിയുടെ പിറവി അതിന് തെളിവാണെന്നും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ കഴിഞ്ഞയാഴ്ച പ്രസ്താവിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘ഹിന്ദി ജേര്‍ണലിസം ഡേ’ ആചരണ വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രാമായണകാലത്ത് ടെസ്റ്റ്ട്യൂബ് ശിശുക്കള്‍ ഉണ്ടായെങ്കില്‍, മഹാഭാരതകാലത്ത് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയെന്ന കാര്യത്തിലും മന്ത്രിക്ക് സംശയമൊന്നുമില്ല! ‘എന്തൊരു ദുരന്തമാണ് ഇത്തരക്കാര്‍’ എന്ന് പലരും മന്ത്രി ദിനേശ് ശര്‍മയെ വിമര്‍ശിച്ചു.

എന്നാല്‍ മേല്‍സൂചിപ്പിച്ച കാര്യം വായിച്ചപ്പോള്‍, ഇന്ത്യയിലെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശുവായ ‘ദുര്‍ഗ’യുടെ പിറവിക്ക് നേതൃത്വം വഹിച്ച ഡോ.സുഭാഷ് മുഖര്‍ജി നേരിട്ട ദുരന്തത്തെക്കുറിച്ചാണ് എനിക്കോര്‍മ വന്നത്. ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും ടെസ്റ്റ്ട്യൂബ് ശിശുവിനെ സൃഷ്ടിച്ച ആ ഗവേഷകന്, അതിന്റെ പേരില്‍ സ്വന്തം ജീവന്‍ തന്നെ ബലി നല്‍കേണ്ടി വന്നു. അതുവഴി ആധുനിക ഇന്ത്യന്‍ ശാസ്ത്രരംഗത്തെ രക്തസാക്ഷിയായി മാറി ഡോ.മുഖര്‍ജി!

1978 ജൂലൈ 25-നാണ് ലോകത്തെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശുവായ ലൂയിസ് ബ്രൗണ്‍ ബ്രിട്ടനില്‍ പിറന്നത്. പാട്രിക് സ്റ്റെപ്പ്റ്റൂ, റോബര്‍ട്ട് എഡ്വേര്‍ഡ്‌സ് എന്നീ ഗവേഷകരായിരുന്നു ആ നേട്ടത്തിന് പിന്നില്‍. ഇരുവരും ലോകപ്രശസ്തരായി. ആ നേട്ടത്തിന് 2010-ല്‍ എഡ്വേര്‍ഡ്‌സിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു (മരണാനന്തരം നൊബേലിന് പരിഗണിക്കാത്തതിനാല്‍ സ്റ്റെപ്പ്റ്റൂ ഒഴിവാക്കപ്പെട്ടു). ടെസ്റ്റ്ട്യൂബ് ശിശുക്കളെ സൃഷ്ടിക്കാന്‍ അവര്‍ ആവിഷ്‌ക്കരിച്ച ‘ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍’ (In Vitro Fertilization – IVF) വിദ്യ ലോകമെങ്ങും വന്ധ്യതാനിവാണ ചികിത്സയുടെ ആണിക്കല്ലായി മാറി. ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ ആ വിദ്യ വഴി പിറന്നു.

ലോകത്തെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശു ബ്രിട്ടനില്‍ പിറന്ന് വെറും 67 ദിവസം കഴിഞ്ഞ്, 1978 ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ ഇന്ത്യയിലെ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും ടെസ്റ്റ്ട്യൂബ് ശിശുവായ ‘ദുര്‍ഗ’ (കനുപ്രിയ അഗര്‍വാള്‍) പിറന്നു. കൊല്‍ക്കത്തയിലെ പരിമിതമായ സൗകര്യങ്ങളില്‍ ചില നൂതനവിദ്യകളുപയോഗിച്ച് ഡോ.മുഖര്‍ജിയാണ് ആ മുന്നേറ്റം നടത്തിയത്.

1931 ജനുവരി 16-ന് ബിഹാറിലെ ഹസാരിബാഗില്‍ ജനിച്ച സുഭാഷ് മുഖര്‍ജി (സുഭാഷ് മുഖോപാധ്യായ), 1955-ല്‍ കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിസിയോളജിയില്‍ ഓണേഴ്‌സ് ഡിഗ്രിയും 1958-ല്‍ ഡി ഫില്ലും നേടിയ ശേഷം, 1967-ല്‍ ബ്രിട്ടനിലെ എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. പ്രത്യുത്പാദന വൈകല്യങ്ങളുമായി ബന്ധപ്പെട്ട ഗവേഷണമായിരുന്നു പഠനവിഷയം. ലോകത്ത് ആ മേഖലയിലെ ഗവേഷണങ്ങള്‍ക്ക് ആവശ്യമായ ആധുനിക സംവിധാനങ്ങള്‍ അന്ന് എഡിന്‍ബറോ ഉള്‍പ്പടെ ചുരുക്കം ചില കേന്ദ്രങ്ങളിലാണുണ്ടായിരുന്നത്. പ്രത്യുത്പാദന വൈകല്യങ്ങളുമായി ബന്ധപ്പെട്ട ലോകത്തെ ഏറ്റവും മികച്ച അക്കാദമിക് പശ്ചാത്തലമാണ് ഡോ.മുഖര്‍ജിക്കുണ്ടായിരുന്നത് എന്നുസാരം (റോബര്‍ട്ട് എഡ്വേര്‍ഡ്‌സും പിഎച്ച്ഡി എടുത്തത് എഡിന്‍ബറോയില്‍ നിന്നു തന്നെയാണ്).

ഇന്ത്യയില്‍ തിരിച്ചെത്തിയ ഡോ.മുഖര്‍ജി കൊല്‍ക്കത്തയിലെ ബാങ്കുര സാമിലാനി മെഡിക്കല്‍ കോളേജില്‍ ഫിസിയോളജി പ്രൊഫസറായി നിയമിക്കപ്പെട്ടു. അവിടെ വെച്ച് സ്വന്തംനിലയ്ക്ക് അദ്ദേഹം ഗവേഷണം ആരംഭിച്ചു. ഐ.വി.എഫ്.ടെക്‌നോളജി വികസിപ്പിക്കാന്‍ ബ്രിട്ടീഷ് സംഘം നടത്തുന്ന ശ്രമങ്ങള്‍ക്ക് സമാന്തരമായിട്ടായിരുന്നു ഡോ.മുഖര്‍ജിയുടെയും ഗവേഷണം. പരിമിതികള്‍ മറികടക്കാനായി ബ്രിട്ടീഷ് ഗവേഷകരുടേതില്‍ നിന്ന് വ്യത്യസ്തമായ ചില നടപടിക്രമങ്ങള്‍ ഡോ.മുഖര്‍ജി അവലംബിച്ചു. അതിലൂടെ, വന്ധ്യതാ നിവാരണ രംഗത്ത് ഇന്നുപയോഗിക്കുന്ന പല വിദ്യകളും, മറ്റാരെക്കാളും മുമ്പ് അദ്ദേഹം കണ്ടെത്തി.

Durga, Kanu Agarwal
ദുര്‍ഗ എന്ന കനുപ്രിയ അഗര്‍വാള്‍.
ചിത്രം കടപ്പാട്: drsubhasmukhopadhyay.blogspot.com

എന്നാല്‍, ഡോ.മുഖര്‍ജിയെയും സഹപ്രവര്‍ത്തകരെയും കാത്തിരുന്നത് പൂച്ചെണ്ടുകളോ ബഹുമതികളോ ആയിരുന്നില്ല. മെഡിക്കല്‍ രംഗത്തുള്ളവരും ഭരണകൂടവും ഡോ.മുഖര്‍ജി നടത്തിയ മുന്നേറ്റത്തിന്റെ വ്യാപ്തി മനസിലാക്കിയില്ല. അദ്ദേഹം എന്തോ തട്ടിപ്പ് നടത്തിയെന്ന മട്ടിലാണ് അവര്‍ പെരുമാറിയത്. ഇന്ത്യയിലെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശുവിനെ സൃഷ്ടിച്ചതിന് ആ ഗവേഷകന്‍ ക്രൂരമായി അപമാനിക്കപ്പെട്ടു, വേട്ടയാടപ്പെട്ടു. ആ കണ്ടെത്തല്‍ പ്രസിദ്ധീകരിക്കുന്നതിനോ ശാസ്ത്രസമ്മേളനങ്ങളില്‍ അത് അവതരിപ്പിക്കുന്നതിനോ ഡോ.മുഖര്‍ജിക്ക് അനുമതി ലഭിച്ചില്ല. വിദേശയാത്ര പോലും വിലക്കപ്പെട്ടു. സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവില്‍ അദ്ദേഹം ഹൃദയാഘാതത്തിനിരയായി. എന്നിട്ടും അധികൃതര്‍ അവധി അപേക്ഷ നിരസിച്ചു. കൂടാതെ, വന്ധ്യതാചികിത്സയില്‍ ലോകോത്തര മുന്നേറ്റം നടത്തിയ ആ ഗവേഷകനെ നേത്രരോഗ ഇന്‍സ്റ്റിട്ട്യൂട്ടിലേക്ക് സ്ഥലംമാറ്റി അപമാനിച്ചു. ഒടുവില്‍ എല്ലാ പ്രതിരോധവും നഷ്ടപ്പെട്ട അദ്ദേഹം 1981 ജൂലൈ 19-ന് കൊല്‍ക്കത്തയിലെ സതേണ്‍ അവന്യൂവിലെ തന്റെ ഫ്‌ളാറ്റില്‍  സ്വയം ജീവനൊടുക്കി. ഭര്‍ത്താവിന്റെ മരണം താങ്ങാനാകാതെ ഭാര്യ നമിത മുഖര്‍ജി പക്ഷാഘാതം വന്ന് കിടപ്പിലായി.

ദുര്‍ഗയാണ് ‘ഇന്ത്യയിലെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശു’വെന്ന് അധികൃതര്‍ അംഗീകരിച്ചില്ല. ആ പദവി ഔദ്യോഗികമായി നല്‍കപ്പെട്ടത് എട്ടുവര്‍ഷം കഴിഞ്ഞ്, 1986 ഓഗസ്റ്റ് ആറിന് മുംബൈയില്‍ പിറന്ന ഹര്‍ഷ (ഹര്‍ഷ ചൗധ) എന്ന കുഞ്ഞിനാണ്. ഗൈനക്കോളജിസ്റ്റായ ഇന്ദിര ഹിന്ദുജയുടെ സഹായത്തോടെ, ഹര്‍ഷയുടെ പിറവിക്ക് നേതൃത്വം നല്‍കിയത് മുംബൈയില്‍ ‘ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ റിസേര്‍ച്ച് ഇന്‍ റിപ്രൊഡക്ഷന്റെ’ ഡയറക്ടറായിരുന്ന തമിഴ്‌നാട് സ്വദേശി ഡോ.ടി.സി. ആനന്ദ് കുമാര്‍ (1936-2010) ആയിരുന്നു. ഡോ.മുഖര്‍ജിയെക്കാള്‍ അഞ്ചുവയസ്സ് ഇളപ്പമുള്ള ഡോ.ആനന്ദ് കുമാറിനാണ് ‘ഇന്ത്യയിലെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശുവിന്റെ സൃഷ്ടാവ്’ എന്ന പദവി ഔദ്യോഗികമായി ലഭിച്ചത്!

ഏത് അനീതിയും ചില കനലുകള്‍ അവശേഷിപ്പിക്കും. ഡോ.മുഖര്‍ജിയുടെ കാര്യത്തിലും അത് സത്യമായി. കൊല്‍ക്കത്തയില്‍ ആ ശാസ്ത്രജ്ഞന്റെ അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളുമടങ്ങിയ ഒരു ചെറുഗ്രൂപ്പ്, ഡോ.മുഖര്‍ജി തന്നെയാണ് ഇന്ത്യയിലെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശുവിന്റെ സൃഷ്ടാവെന്ന് ഉറച്ച് വിശ്വസിച്ചു. അദ്ദേഹത്തിന്റെ സ്മരണ അവര്‍ അണയാതെ നിലനിര്‍ത്തി. പക്ഷാഘാതം വന്ന് കിടപ്പിലായ നമിത മുഖര്‍ജിയെ സഹായിച്ചതും ആ ഗ്രൂപ്പായിരുന്നു. അതില്‍ പ്രധാനി ഡോ.മുഖര്‍ജിക്കൊപ്പം ദുര്‍ഗയുടെ പിറവിയില്‍ പങ്കുപറ്റിയ ഡോ.സുനിറ്റ് മുഖര്‍ജിയായിരുന്നു.

ഡോ.മുഖര്‍ജി ഒരു തട്ടിപ്പുകാരനല്ലെന്നും, വലിയ മുന്നേറ്റമാണ് ദുര്‍ഗയുടെ സൃഷ്ടിയിലൂടെ അദ്ദേഹം നടത്തിയതെന്നും ലോകത്തെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നു തന്നെ കൊല്‍ക്കത്ത ഗ്രൂപ്പ് ഉറച്ചു വിശ്വസിച്ചു. ഡോ.മുഖര്‍ജിക്ക് ‘പുനര്‍ജന്മം’ നല്‍കാന്‍ അവര്‍ കണ്ടെത്തിയത്, ‘ഇന്ത്യയിലെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശുവിന്റെ സൃഷ്ടാവ്’ എന്ന ഔദ്യോഗിക അംഗീകാരം ലഭിച്ച ഡോ. ആനന്ദ് കുമാറിനെയായിരുന്നു! വന്ധ്യതാനിവാരണ ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് 1997 ഫെബ്രുവരി എട്ടിന് കൊല്‍ക്കത്തയില്‍ നടന്ന മൂന്നാം ദേശീയ കോണ്‍ഗ്രസ്സില്‍ ‘സുഭാഷ് മുഖര്‍ജി അനുസ്മരണ പ്രഭാഷണം’ നടത്താന്‍ ഡോ.ആനന്ദ് കുമാര്‍ ക്ഷണിക്കപ്പെട്ടു.

T C Anand Kumar
ഡോ.ടി.സി. ആനന്ദ് കുമാര്‍.
ചിത്രം കടപ്പാട്: ISSRF  

ഡോ.മുഖര്‍ജിയെക്കുറിച്ച് ആനന്ദ് കുമാറിന് അധികമൊന്നും അറിയുമായിരുന്നില്ല. അതിന് കൊല്‍ക്കത്ത ഗ്രൂപ്പ് സഹായിച്ചു. ഡോ.മുഖര്‍ജി സ്വന്തം കൈപ്പടയിലെഴുതിയ വിശദമായ ലബോറട്ടറി കുറിപ്പുകളടക്കം ലഭ്യമായ മുഴുവന്‍ രേഖകളും അവര്‍ ഡോ.ആനന്ദ് കുമാറിന് കൈമാറി. അതോടൊപ്പം ദുര്‍ഗയുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി, ഡോ.മുഖര്‍ജി തന്റെ കുറിപ്പുകളില്‍ പറഞ്ഞിട്ടുള്ളത് സത്യമാണെന്ന് ഉറപ്പുവരുത്താനും അവര്‍ അവസരമൊരുക്കി. ഒരു വര്‍ഷമെടുത്ത് ആ പഠനം പൂര്‍ത്തിയാക്കുമ്പോള്‍, ഡോ.ആനന്ദ കുമാറിന് കാര്യങ്ങള്‍ വ്യക്തമായിരുന്നു. സുഭാഷ് മുഖര്‍ജി അനുസ്മരണ പ്രഭാഷണ വേളയില്‍ അദ്ദേഹം പ്രഖ്യാപിച്ചു: ‘ദുര്‍ഗയാണ് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു!’ മാത്രമല്ല, ‘ഇന്ത്യയിലെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശുവിന്റെ സൃഷ്ടാവ്’ എന്ന തന്റെ കീരീടം ഡോ.ആനന്ദ് കുമാര്‍ ആദരപൂര്‍വം ഡോ. മുഖര്‍ജിക്ക് മരണാനന്ത ബഹുമതിയായി അണിയിക്കുന്ന അത്യപൂര്‍വമായ ‘രംഗത്തിനും ആ പ്രഭാഷണം സാക്ഷിയായി!

രണ്ടുമാസം കഴിഞ്ഞ് 1997 ഏപ്രില്‍ 10ന് ബാംഗ്ലൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കറണ്ട് സയന്‍സ് ജേര്‍ണലില്‍, ഡോ.സുഭാഷ് മുഖര്‍ജിയെക്കുറിച്ച് വിശദമായ പഠനറിപ്പോര്‍ട്ട് ഡോ.ആനന്ദ് കുമാര്‍ പ്രസിദ്ധീകരിച്ചു; ‘Architect of India’s first test tube baby: Dr Subhas Mukerji’ എന്ന പേരില്‍. തെളിവുകള്‍ നിരത്തി അതില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു: ‘വലിയ ഉയരങ്ങള്‍ കീഴടക്കിയ ഗവേഷകനാണ് മുഖര്‍ജി. ബയോളജിയുടെ മേഖലയില്‍ ഇന്ത്യയിലുണ്ടായ എല്ലാ നേട്ടങ്ങളെയും ബഹുദൂരം പിന്തള്ളുന്നു മുഖര്‍ജിയുടെ മുന്നേറ്റം. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അജ്ഞതയും ഉദ്യോഗസ്ഥ ധാര്‍ഷ്ട്യവും നമ്മുക്ക് ഏറ്റവും പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞനെ നഷ്ടപ്പെടുത്തി’.

ആധുനിക ഇന്ത്യന്‍ ശാസ്ത്രചരിത്രത്തിലെ ആ ഇരുണ്ട അധ്യായം, അങ്ങനെ അത്യപൂര്‍വ്വമായ മഹാമനസ്‌കതയുടെ സാക്ഷ്യപ്പെടുത്തല്‍ കൂടിയായി  മാറി, ഡോ. ആനന്ദ് കുമാറിന്റെ ഇടപെടലിലൂടെ!

ഡോ.മുഖര്‍ജിയുടെ നഷ്ടപ്പെട്ട സ്ഥാനം ഔദ്യോഗിക തലത്തില്‍ വീണ്ടെടുത്തു നല്‍കാനും ഡോ.ആനന്ദ് കുമാര്‍ മുന്‍കൈയെടുത്തു. കൃത്രിമ പ്രജനന സങ്കേതങ്ങളുടെ നടത്തിപ്പിനെപ്പറ്റി ബില്‍ തയ്യാറാക്കാന്‍ 2002ല്‍ ഒരു 12 അംഗ സമിതിയെ ‘ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്’ (ഐ.സി.എം.ആര്‍) നിയോഗിച്ചു. ഡോ.മുഖര്‍ജി ജീവനൊടുക്കി 22 വര്‍ഷം കഴിഞ്ഞ്, 2003-ല്‍ ആ സമിതിയാണ് ഡോ.മുഖര്‍ജിയുടെ സംഭാവനകള്‍ക്ക് അംഗീകാരം നല്‍കി ചരിത്രത്തിലെ നീതികേടിനെ തിരുത്തിയത്. 2008 ഏപ്രിലില്‍ ഡോ.മുഖര്‍ജിയുടെ നേട്ടം ഔദ്യോഗികതലത്തില്‍ രാജ്യം അംഗീകരിച്ചു.

ഏത് നഗരമാണോ ഡോ.മുഖര്‍ജിയുടെ ദുരന്തത്തിന് സാക്ഷ്യം വഹിച്ചത്, ആ നഗരത്തിലെ ജനാവലി അദ്ദേഹം മരിച്ച് 22 വര്‍ഷം കഴിഞ്ഞപ്പോള്‍ ആ ഗവേഷകനെ ആദരിക്കാന്‍ ഒത്തുകൂടി. 2003 ജനുവരി 16ന് കൊല്‍ക്കത്ത നഗരം ഡോ.മുഖര്‍ജിയെ ആദരിക്കുമ്പോള്‍, അദ്ദേഹം സൃഷ്ടിച്ച ദുര്‍ഗയെന്ന ഇന്ത്യയിലെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശുവിന് 25 വയസ്സായിരുന്നു.

തന്റെ ഇരുപത്തിയഞ്ചാം പിറന്നാളിന് കനുപ്രിയ അഗര്‍വാള്‍ എന്ന ദുര്‍ഗ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഡോ.മുഖര്‍ജിയെ തന്റെ ‘സയന്റിഫിക് ഡാഡ്’ എന്ന് വിശേഷിപ്പിച്ച ആ യുവതി, ഡോ.മുഖര്‍ജിയെ വേട്ടയാടിയവര്‍ക്ക് ലഭിക്കേണ്ട യുക്തമായ മറുപടി എന്നോണം ധൈര്യപൂര്‍വ്വം ഇങ്ങനെ പ്രഖ്യാപിച്ചു:

‘ഞാനൊരു ട്രോഫിയല്ല. ഒരു പ്രതിഭ നടത്തിയ ഗവേഷണത്തിന്റെ ജീവിക്കുന്ന തെളിവാണ്!’