ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

100

തെലങ്കാനയിലെ വാരങ്കല്‍ സ്വദേശി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. മിസൗറി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ശരത് കൊപ്പു (26) ആണ് കൊല്ലപ്പെട്ടത്.
കന്‍സാസ് സിറ്റിയിലെ റെസ്റ്റോറന്റില്‍വച്ച് പ്രാദേശിക സമയം വെള്ളിയാഴ്ച വൈകീട്ടാണ് ശരത്തിന് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്‍ജീനിയര്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയിലെത്തിയ ശരത്, വര്‍ഷങ്ങളായി അമേരിക്കയിലെ റസ്റ്റോറന്റില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു.

ശരത്തിന് വെടിയേറ്റ വിവരം രാവിലെ കുടുംബത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കുടുംബത്തിന് ലഭ്യമായിട്ടില്ല. അതേസമയം സംഭവം ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോട്‌ല കന്‍സാസ് സിറ്റിയിലെ ബാറില്‍വച്ച് വെടിയേറ്റ് മരിച്ചത് കഴിഞ്ഞവര്‍ഷമായിരുന്നു.