ഇനി കാൽപ്പന്തുകളിയുടെ ലോകമഹാമാമാങ്കത്തിലേക്ക്

റിപ്പോർട്ട് :എം.വി ജയരാജൻ

216
ടോട്ടൽ ഫുട്ബോളാണ്‌ ബ്രസീലിന്റെ പ്രത്യേകത. സാംബാ താളത്തിനൊത്തുള്ള നൃത്തച്ചുവടുകൾപ്പോലെ അടിമുടി പ്രൊഫഷണൽ വത്ക്കരിച്ചതാണ്‌ എപ്പോഴും മഞ്ഞപ്പട മൈതാനത്തിറങ്ങാറുള്ളത്. എല്ലാവർക്കും തുല്യപ്രാധാന്യമെങ്കിലും, ലോക ഫുട്ബോൾ ഇതിഹാസമായ പെലെ മുതലിങ്ങോട്ട്‌ നെയ്മർ വരെ ലോകം പ്രത്യേകം വാഴ്ത്തിയ സൂപ്പർതാരങ്ങൾ എപ്പോഴും ബ്രസീലിനുണ്ടായിരുന്നു. എന്നാൽ ഇവരുടെ കളിമികവ്‌ കൊണ്ടുമാത്രമായിരുന്നില്ല മഞ്ഞപ്പടയുടെ മുന്നേറ്റവും വിജയവും. എല്ലാവർക്കും എല്ലാ കളിയിലും ഒരുപോലെ തിളങ്ങാൻ കഴിയണമെന്നില്ല. അതുകൊണ്ടാണ്‌ സൂപ്പർതാരങ്ങൾക്ക്‌ മങ്ങലേറ്റാലും ആ കളിയിലും ബ്രസീൽ ജയിക്കുന്നത്‌.
പെലെയ്ക്കൊപ്പം മറഡോണയെ ഇഷ്ടപ്പെടുമ്പോഴും കളിക്കളത്തിൽ കവിതരചിക്കുന്ന ഈ ടോട്ടൽ ഫുട്ബോൾക്കാരെ ഇഷ്ടപ്പെടുന്നത്‌ അതുകൊണ്ടൊക്കെ തന്നെയാണ്‌. ഏറ്റവും കൂടുതൽത്തവണ (അഞ്ച് – 1958, 1962 ,1970 , 1994, 2002)   ലോകകപ്പ്‌ നേടിയ രാജ്യം കൂടിയാണ്‌ ബ്രസീൽ. 2014 ൽ സ്വന്തം നാട്ടിൽ ജർമ്മനിക്ക്  അർദ്ധാവസരങ്ങളിൽ നിന്നുപോലും എതിരാളിയുടെ ഗോൾവല കുലുക്കാൻ പാകത്തിൽ ഷോട്ടുതിർക്കാൻ കഴിവുള്ള നെയ്മറും സംഘവും ഈ ലോകകപ്പിലും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ മുൻനിരയിലാണ്‌.ഇതൊക്കെയാണെങ്കിലും കഴിഞ്ഞതവണത്തെ ഫൈനലിസ്റ്റും രണ്ടുതവണ കിരീടം നേടിയ ടീമുമായ മെസ്സിയുടെ അർജന്റീനയും കഴിഞ്ഞതവണ കിരീടം നേടിയ ജർമ്മനിയും പിന്നെ സ്പെയിനും ഫ്രാന്‍സും ഇംഗ്ലണ്ടും ബെല്‍ജിയവുമെല്ലാം കരുത്തുതെളിയിക്കാന്‍ പോന്ന പോരാളികളുടെ ടീം തന്നെയാണ്.
ഇരുപത്തിയൊന്നാം ലോകകപ്പിൽ 12 വേദികളിലായി 32 ദിവസങ്ങളിൽ  32 ടീമുകൾ പോരാടുകയാണ്.  ലെനിനിന്റെയും സ്റ്റാലിനിന്റെയും ദസ്തയേവ്സ്കിയുടെയും പാദസ്പർശമേറ്റ റഷ്യയിൽ ഇതാദ്യമായി  നടക്കുന്ന ലോകകപ്പ് ഫുടബോൾ കൂടിയാണിത്. ലോകകപ്പ്‌ ചില നല്ല സന്ദേശങ്ങളും നമുക്ക്‌ പകരുന്നുണ്ട്‌. ലോകത്തിന്റെ ശ്രദ്ധ റഷ്യയിലേക്ക്‌ ക്ഷണിക്കുമ്പോൾ, അവിടെ ഫുട്ബോളിനെ സ്നേഹിക്കുന്നവരായി നമ്മളെല്ലാം ഒരുമിക്കുകയാണ്‌. ലോകത്തെവിടെയായാലും, ജാതിക്കും മതത്തിനും വർണ്ണത്തിനും വർഗത്തിനുമപ്പുറത്ത്‌, മനുഷ്യരെല്ലാം ഒരുപോലെയാണെന്ന വലിയ സന്ദേശം കൂടിയാണ്‌ ഈ ലോക മഹാമാമാങ്കം പകർന്നു നൽകുന്നത്‌.  കലാ-കായിക മേളകൾ മനുഷ്യരെ ഒരുമിപ്പിക്കുന്ന സിദ്ധൗഷധം കൂടിയാണ്‌. ലോകകപ്പ്‌ ഫുട്ബോൾ നമുക്കും ആഘോഷമാക്കാം…