ഇത് ബ്രഹ്മാണ്ഡം തന്നെ; മോഹന്‍ലാലിന്‍റെ കുഞ്ഞാലിമരയ്ക്കാറില്‍ അണിനിരക്കുക വന്‍ താരനിര

190

ഹിറ്റ് കൂട്ടുക്കെട്ടായ പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന കുഞ്ഞാലിമരയ്ക്കാറില്‍ അണിനിരക്കുക വന്‍ താരനിര. ചിത്രത്തിലെ പ്രധാനപ്പെട്ട താരങ്ങളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് പ്രിയന്‍. ആന്‍റണി പെരുന്പാവൂരും കോണ്‍ഫിഡന്‍റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ പേര് മരക്കാര്‍- അറബിക്കടലിന്‍റെ സിംഹം എന്നാണ്.

ഇതുവരെ പുറത്ത് വന്ന പേരുകള്‍ മാത്രമെടുത്താല്‍ ചിത്രം ബ്രാഹ്മാണ്ഡമായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ബോളിവുഡ് താരം സുനില്‍ ഷെട്ടിയും അര്‍ജുനുമാണ് മോഹന്‍ലാലിന് ഒപ്പം ചിത്രത്തില്‍ എത്തുക. നവംബര്‍ ഒന്നിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാറിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. മറ്റുള്ള അഭിനേതാക്കളെപ്പറ്റി അടുത്ത ദിവസങ്ങളില്‍ തന്നെ വ്യക്തത വരും. നേരത്തെ, മോഹന്‍ലാല്‍-മുകേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രിയന്‍റെ കാക്കകുയിലിലും സുനില്‍ ഷെട്ടി അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിലെ സുപ്രധാന റോളുകളാണ് പ്രിയന്‍ ഇരുവര്‍ക്കുമായി ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. കാലാപാനിക്ക് ശേഷം മോഹന്‍ലാലും പ്രഭുവും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും കുഞ്ഞാലിമരയ്ക്കാറിനുണ്ട്. വാഗമണ്‍, ഹെെദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവടങ്ങളാണ് പ്രധാന ലൊക്കേഷന്‍. മധു, നെടുമുടി വേണു, സിദ്ദിഖ്, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.