ഇതാ ഒരു മൂവാണ്ടന്‍ മാന്തോട്ടം

144

മാറ്റങ്ങള്‍ക്കൊപ്പം നില്‍ക്കുന്നില്ലെങ്കില്‍ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാവുമെന്നറിഞ്ഞാണ് കോഴിക്കോട് കോടഞ്ചേരിയില്‍ കോനുകുന്നേല്‍ ഷാജു എന്ന തോമസ് മാത്യു മൂവാണ്ടന്‍ മാവിന്‍തോട്ടം വെച്ചുപിടിപ്പിച്ചത്. അഞ്ചേക്കര്‍ സ്ഥലത്ത് അഞ്ഞൂറ് മാവുകളിലാണ് ഇപ്പോള്‍ വിളവെടുപ്പ് നടത്തിവരുന്നത്. റബ്ബറിന്റെ വിലക്കുറവുമൂലം ഈ മേഖലയില്‍ പ്രതിസന്ധി തുടങ്ങിയപ്പോള്‍ റബ്ബര്‍ മരങ്ങള്‍ പിഴുതുമാറ്റിയാണ് മാന്തോട്ടം ഒരുക്കിയത്. ശേഖരിച്ച വിത്തുകള്‍ മുളപ്പിച്ച് തൈകളാക്കലായിരുന്നു ആദ്യത്തെ പ്രവര്‍ത്തനം.

മാങ്ങയണ്ടിയിലുള്ള വണ്ടുകളെ കീടനാശിനി ഉപയോഗിച്ച് നശിപ്പിച്ച് അറക്കപ്പൊടിയില്‍ പാവി മുളപ്പിച്ചു. ഒന്നില്‍ക്കൂടുതല്‍ മുളകളുള്ളവയില്‍ കരുത്തുറ്റ ഓരോന്നു മാത്രം നിലനിര്‍ത്തി. മൂന്നുനാല് തട്ട് ഇലകളായപ്പോള്‍ പോളിത്തീന്‍ കവറിലേക്ക് മാറ്റി. ചാണകപ്പൊടിയും മണ്ണും കലര്‍ത്തിയതാണ് പോട്ടിങ് മിശ്രിതമായി ഉപയോഗിച്ചത്. മഴക്കാലത്തിനു മുന്‍പായി ഒരടി ആഴമുള്ള കുഴികളില്‍ എല്ലുപൊടി, ചാണകപ്പൊടി എന്നിവ അടിവളമായി ഉപയോഗിച്ച് തൈകള്‍ നട്ടു. ഇടവിളയായി ഏത്തവാഴയും വളര്‍ത്തിവരുന്നു. വാഴയ്ക്ക് കോഴിവളം വിതറുന്നതിനാല്‍ മാവിന് ഇപ്പോള്‍ പ്രത്യേകം വളപ്രയോഗം ഇല്ല.

ഉയരം കുറഞ്ഞ മാവുകളായതിനാല്‍ വിളവെടുപ്പിനും തൊഴിലാളികളെ കൂലികൊടുത്ത് വിളിക്കേണ്ടതില്ല. മൂപ്പെത്തുന്നതിനു മുന്‍പ് വിളവെടുപ്പ് നടത്തുന്ന രീതിയാണ് സ്വീകരിച്ചു വരുന്നത്. കറി, അച്ചാര്‍, ഉപ്പിലിടല്‍ എന്നീ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനാണ് ആവശ്യക്കാരേറെയെന്ന് ഷാജു പറയുന്നു. പൂര്‍ണമായും മൂപ്പെത്തി പഴുപ്പിക്കുന്നതിന് രുചികുറവായതിനാലും പഴുക്കുന്നവയില്‍ ഏറെയും പുഴുശല്യം മൂലം നശിച്ചുപോവുന്നതിനാലുമാണ് പച്ചയായിത്തന്നെ വിളവെടുക്കുന്നത്. സമീപ അങ്ങാടികളായ കോടഞ്ചേരി, അടിവാരം, ഈങ്ങാപ്പുഴ തുടങ്ങിയവിടങ്ങളിലെ പച്ചക്കറിക്കടകളിലൂടെയാണ് വിപണി കണ്ടെത്തുന്നത്.

പാട്ടത്തിന് സ്ഥലമെടുത്ത് പ്രതിവര്‍ഷം രണ്ടായിരം ഏത്തവാഴയും വിവിധതരം പച്ചക്കറികളും ഇഞ്ചിയും മഞ്ഞളുമെല്ലാം കൃഷിചെയ്ത് മികച്ച വരുമാനം നേടുന്നു.