ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു; ജലനിരപ്പ് 2400 അടി കടന്ന് മുകളിലേക്ക് കുതിക്കുന്നു; സെക്കന്റിൽ ഒഴുകുന്നത് ഒന്നര ലക്ഷത്തിന് അടുത്ത് ലിറ്റർ വെള്ളം

168

മറുനാടൻ മലയാളി ബ്യൂറോ

പൈനാവ്: കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ചെറുതോണി ഡാമിൽ നിന്നും വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതൽ 100 ക്യുമെക്സ് വെള്ളം കൂടി തുറന്നുവിടാൻ തുടങ്ങി. വ്യാഴാഴ്ച തുറന്നുവിട്ടതിന്റെ ഇരട്ടിയാണിത്. ഡാമിന്റെ താഴ്ഭാഗത്തും ചെറുതോണി പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലുമുള്ളവർക്ക് ഇതോടെ ആശങ്കകളും കൂടി. ഇന്നലെ നാല് മണിക്കൂർ ട്രയൽ റണ്ണിനാണ് ഇടുക്കി ഡാം തുറന്നത്. എന്നാൽ ജലനിരപ്പ് കുറയാതെ വന്നതോടെ ട്രയൽ റൺ എന്നത് ഡാം തുറക്കലായി മാറി. ഇടുക്കി അണക്കെട്ടിലെ ജലനിലരപ്പ് 2400.88 അടിയെത്തി. വെള്ളിയാഴ്ച പുലർച്ച 5 മണിയോടെയാണ് ജലനിരപ്പ് 2400.88 അടിയിലെത്തിയത്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്.
ഇടുക്കി ചെറുതോണി അണക്കെട്ടിൽനിന്ന് വെള്ളിയാഴ്ച രാവിലെ മുതൽ സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ഡാമിൽ നിന്നു പുറത്തെത്തുന്നത്. അതായത് ഇന്നത്തേതിന്റെ ഇരട്ടി അളവ്. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി അതീവ ജാഗ്രതാ നിർദ്ദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചിരുന്നു. അർധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. നേരത്തേ, വൈകിട്ട് 4.30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരൊഴുക്കു തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടരുകയായിരുന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ട്രയൽ റൺ ആരംഭിച്ചത്.