ഇടതുപാര്‍ട്ടികളുമായി സഖ്യവും പൊതു ഓഫീസും വേണമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ്

189

തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ ഇടതുപാര്‍ട്ടികളുമായി സഖ്യം വേണമെന്ന് ബംഗാള്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഹൈക്കമാന്റിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സഖ്യത്തിന് പുറമെ ഇരു പാര്‍ട്ടികള്‍ക്കും പൊതുവായ ഓഫീസ് വേണം എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബംഗാള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഒപി മിശ്രയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കമാന്റിന് സമര്‍പ്പിച്ചത്. സിപഐഎമ്മുമായി സഖ്യം ഉണ്ടാക്കുന്നതിന് പുറമെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ 21 നടപടികള്‍ കൂടില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

ഹൈക്കമാന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ഒപി മിശ്ര പറഞ്ഞു. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമാക്കിയല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2021 തെരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജപ്പെടുത്തി അധികാരത്തില്‍ എത്തുന്നതിനുള്ള പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് എന്നും ഒപി മിശ്ര പറഞ്ഞു.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി ഒഴികെയുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതായി കോണ്‍ഗ്രസ് പ്രസിഡന്റ് അധിര്‍ രഞ്ചന്‍ ചൗധരി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കമാന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കൊല്‍ക്കത്ത, ആസന്‍സോള്‍, ബെറാംപോര്‍, സിലിഗുരി എന്നിവിടങ്ങളിലെ സഖ്യത്തിന് പൊതുവായി കേന്ദ്രീകൃത ഓഫീസുകള്‍ വേണമെന്നും മുന്നണിക്കായി വെബ്‌സൈറ്റ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ എന്നിവ വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.