ആഴക്കടലില്‍ ഉല്ലാസയാത്രയൊരുക്കി കേരള ഷിപ്പിങ് കോര്‍പറേഷൻ

159

ആഴക്കടലില്‍ ഉല്ലാസയാത്രയൊരുക്കി കേരള ഷിപ്പിങ് കോര്‍പറേഷന്‍. ആധുനിക സൗകര്യങ്ങളോടുകൂടിയ കപ്പലില്‍ പുറംകടലിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോകാനാണ് കോര്‍പറേഷന്റെ പദ്ധതി. നെഫര്‍റ്റിറ്റി എന്നു പേരിട്ടിരിക്കുന്ന ആഡംബരക്കപ്പല്‍ കേരള ട്രാവല്‍ മാര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ചു. റസ്റ്ററന്‍റ്, പാര്‍ട്ടി ഹാള്‍, സണ്‍ ഡെക്, കിഡ്സ് പ്ലേയിങ് ഏരിയ, ത്രീഡി തിയറ്റര്‍ തുടങ്ങി ആഡംബരങ്ങളുടെ സങ്കേതമാണ് നെഫര്‍റ്റിറ്റി. 16.42 കോടി രൂപ ചെലവില്‍ നിര്‍മിച്ച നെഫര്‍റ്റിറ്റി പരമ്പരാഗത ഈജിപ്ഷ്യന്‍ ശൈലിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കപ്പലിലെ ഭക്ഷണവിതരണത്തിന് സ്വകാര്യ ഏജന്‍സിയെയാണ് നിയോഗിച്ചിരിക്കുന്നത്. കേരളത്തനിമയുള്ള വിഭവങ്ങള്‍ക്കൊപ്പം, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള രുചിഭേദങ്ങളും ഇവിടെ ആസ്വദിക്കാം.കരയില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ സഞ്ചരിക്കാനുള്ള അനുമതിയാണ് കപ്പലിന് ലഭിച്ചിരിക്കുന്നത്.ഒക്ടോബര്‍ അവസാനവാരം മുതല്‍ കൊച്ചിയില്‍ സര്‍വീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 48.5 മീറ്റര്‍ നീളവും 14.5 മീറ്റര്‍ വീതിയും 16.5 ഉയരവുമുള്ള കപ്പലില്‍ ക്യാപ്റ്റന്‍ ബിജു കുര്യാക്കോസിന്റെ നേതൃത്വത്തില്‍ 14 ജീവനക്കാരുണ്ടാകും.