അയ്യപ്പനോട് കളിക്കാൻ പോകരുത്! പ്രയാർ ഗോപാലകൃഷ്ണനെ കണക്കിന് പരിഹസിച്ച് കടകംപള്ളി

59

മുൻ ദേവസ്വം ബോർഡ് പ്രസി‍ഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനെ നിശ്ശിതമായി പരിഹസിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അയ്യപ്പനെ അവഗണിച്ച് മറ്റ് ദൈവങ്ങളുടെ അടുത്ത് പ്രയാർ പൂജ നടത്താൻ പോയതുകൊണ്ടാകും വിധി ഇങ്ങനെ ആയതെന്നായിരുന്നു കടകംപള്ളിയുടെ പരിഹാസം.

”അയ്യപ്പനോട് കളിക്കാൻ പോകരുത്. അയ്യപ്പനോടാണ് ഇപ്പോൾ കളി. അയ്യപ്പനോട് കളിച്ചവർ ഓരോരുത്തരായി വിവരം അറിഞ്ഞുകൊണ്ടിരിക്കുകയാണ്.'” മന്ത്രി പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് വിധി അനുകൂലമാക്കാൻ  പ്രയാർ ഗോപാലകൃ-ഷ്ണൻ ചെയ്ത പണി എന്തൊക്കെയായിരുന്നു? ദേവസ്വം ബോർഡിന് കീഴിലുള്ള 1250 ക്ഷേത്രങ്ങളിലും ഒരു വെള്ളിയാഴ്ച ദിവസം അദ്ദേഹം സ്പെഷ്യൽ പൂജ നടത്തി. ബോർഡിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചായിരുന്നു ജഡ്ജിമാരുടെ മനസ് മാറ്റാൻ അദ്ദേഹം പൂജ നടത്തിയത്. ഇതൊന്നും വെറുതേ പറയുന്നതല്ലെന്നും എല്ലാത്തിനും  രേഖയുള്ളതാണെന്നും മന്ത്രി പറഞ്ഞു.

കാഞ്ഞിരപ്പള്ളിയിലുള്ള ജഡ്ജിയമ്മാവൻ ക്ഷേത്രത്തിലും  പ്രയാർ ഗോപാലകൃഷ്ണൻ പൂജ നടത്തി. വിധിയിലൊക്കെ മാറ്റം വരുത്താൻ അവിടത്തെ പൂജയ്ക്ക് ശക്തിയുണ്ടെന്നാണ് പറയുന്നത്. അടുത്ത കാലത്ത് വിവാദ സിനിമാതാരം അവിടെ പോയി പൂജ നടത്തിയിരുന്നു. പ്രയാർ ഗോപാലകൃഷ്ണൻ ഒരു പകൽ മുഴുവൻ അവിടെ പോയിരുന്ന് ജഡ്ജിമാരുടെ മനസ് മാറ്റാൻ ഉപവാസ യജ്ഞം നടത്തി.

നാമജപം തുടങ്ങിയതും ഈ മാന്യൻ തന്നെയാണെന്നും മന്ത്രിയുടെ പരിഹാസം. കഴി‌ഞ്ഞ ഉത്സവകാലത്ത് പമ്പയിൽ അവലോകനയോഗം നടത്താൻ താനും മുഖ്യമന്ത്രിയും എത്തിയപ്പോൾ നടപ്പന്തലിൽ പ്രയാർ ഗോപാലകൃഷ്ണൻ ഭജനമിരിക്കുകയാണ് എന്നുകേട്ടു. കാര്യം എന്താണെന്ന് അന്വേഷിച്ചപ്പോൾ സുപ്രീം കോടതി ജഡ്ജിമാരുടെ മനസ് മാറ്റാൻ വേണ്ടിയിട്ടാണ് എന്നാണ് അറിഞ്ഞത്.  പക്ഷേ ഹിന്ദു പുരാണങ്ങളിലെ മുപ്പത്തിമുക്കോടി ദൈവങ്ങൾക്കും പ്രയാർ ഗോപാലകൃഷ്ണൻ സ്പെഷ്യൽ പൂജ നടത്തിയിട്ടും സുപ്രീം കോടതി ജഡ്ജിമാരുടെ മനസ് മാറിയില്ല.

അയ്യപ്പനെ പ്രയാർ ഒരു സാധാരണ ദൈവമായി കണ്ടതാണ് പ്രശ്നം. വിധി എതിരായത് അയ്യപ്പന്‍റെ ശക്തികൊണ്ടാണെന്നാണ് താൻ കരുതുന്നത് . അതുകൊണ്ടാണ് അയ്യപ്പന്‍റെ അടുത്ത് കളിക്കാൻ പോകരുത് എന്ന് പറയുന്നത്. അയ്യപ്പനെ മറികടന്ന് മറ്റ് 1250 ദൈവങ്ങളുടെ അടുത്ത് പോയത് അയ്യപ്പന് ഇഷ്ടമായിട്ടുണ്ടാകില്ലെന്നും പ്രയാറിനെ മന്ത്രി പരിഹസിച്ചു.