‘അയ്യപ്പനെ കാണണമെന്ന് നിര്‍ബന്ധമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം’; അയ്യപ്പനല്ല, ഭക്തരാണ് ആത്മനിയന്ത്രണം പോകാതെ നോക്കേണ്ടതെന്നും സുഗതകുമാരി

94

അയ്യപ്പനെ കാണണമെന്ന് നിര്‍ബന്ധമുള്ള ഭക്തരായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കാന്‍ നാം തയ്യാറാകണമെന്ന് കവി സുഗതകുമാരി. സ്ത്രീകളെ കണ്ടാല്‍ ശബരിമല അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നും അയ്യപ്പന് ആത്മ നിയന്ത്രണം ഇല്ലാതാകും എന്നുമൊക്കെ പറയുന്നത് വിഡ്ഢിത്തമായ കാര്യമാണ്.

ശബരിമലയില്‍ പോകുന്ന ഭക്തരാണ് ആത്മനിയന്ത്രണം പോകാതെ നോക്കേണ്ടതെന്നും സുഗതകുമാരി പറഞ്ഞു. ശാന്തി സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ശബരിമല ഒരു ചെറിയ വനഭൂമിയാണ്. നിയന്ത്രണം എല്ലാവര്‍ക്കും വേണം. അവിടെ യഥാര്‍ഥ ഭക്തര്‍ക്ക് മാത്രമായി പോകാന്‍ കഴിയണം. ശബരിമല ഇപ്പോള്‍ത്തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ ആളുകളെയാണ് വഹിക്കുന്നത്.

ആണുങ്ങളുടെ ഈ അനിയന്ത്രിത പ്രവേശനത്തിനും നിയന്ത്രണം വച്ചാലേ ശബരിമലയെ ഇന്നുള്ള നിലയ്‌ക്കെങ്കിലും സംരക്ഷിക്കാനാകൂ. ഓരോ സീസണ്‍ കഴിയുന്തോറും പമ്പ കൂടുതല്‍ കൂടുതല്‍ മലിനമാകുകയാണ്. ഇതിന്റെ തിരിച്ചടി പ്രളയകാലത്ത് ഉണ്ടായി. ശബരിമലയെ യുദ്ധക്കളമാക്കരുതെന്നും സുഗതകുമാരി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കികൊണ്ടുളള സുപ്രീംകോടതി വിധി വരുമ്പോഴും ഏറെ ആശങ്കപ്പെടുന്നത് ലക്ഷക്കണക്കിന് സ്ത്രീകള്‍ കൂടി അവിടെ എത്തുമ്പോഴുണ്ടായേക്കാവുന്ന പാരിസ്ഥിതിക ആഘാതമാണ്. ലക്ഷക്കണക്കിന് പേര്‍ കൂടി ശബരിമല ചവിട്ടുമ്പോള്‍ അത് പരിസ്ഥിതിക്ക് താങ്ങുന്നതിനേക്കാള്‍ അപ്പുറത്താകുമെന്നും നേരത്തെ സുഗതകുമാരി പറഞ്ഞിരുന്നു.

കൂടുതല്‍ ഭക്തര്‍ എത്തുന്നതിന് അനുസരിച്ച് അവര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടിയും വരും. അപ്പോള്‍ അതും ദോഷം ചെയ്യുന്നത് പരിസ്ഥിതിക്കാണ്. ഇപ്പോള്‍തന്നെ ശബരിമലയില്‍ എത്തുന്ന ആളുകളാല്‍ പരിസ്ഥിതിക്ക് ഏറെ ദോഷമാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. അതിനാല്‍ അവിടേക്കുളള പുരുഷന്‍മാരുടെ പ്രവേശനത്തിന് പോലും നിയന്ത്രണം വേണമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.