അയ്യപ്പജ്യോതിയില്‍ ഔദ്യോഗികമായി പങ്കെടുത്തിട്ടില്ല; നായന്മാരാണെന്ന് കരുതി എന്തുമാകാമെന്ന് കരുതണ്ട, ആ പരിപ്പ് എന്‍.എസ്.എസില്‍ വേവില്ല: സുകുമാരന്‍ നായര്‍

80

സര്‍ക്കാരിന്റെ വനിതാ മതിലിനെ പ്രതിരോധിക്കാന്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ എന്‍എസ്എസ് ഔദ്യോഗികമായി പങ്കെടുത്തിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്നാല്‍ വിശ്വാസികള്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് സംഘടന സ്വീകരിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍.എസ്.എസിന്റെ സംഘടനാ സംവിധാനം ശക്തമാണെന്നും സമദൂരത്തിലും ആചാര സംരക്ഷണത്തിലും ഉറച്ചു നില്‍ക്കുന്ന നിലപാടാണ് ഞങ്ങളുടേതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എതിര്‍ക്കുന്നവരേ അതേ നാണയത്തില്‍ നേരിടാനും അകത്ത് നിന്നു കൊണ്ട് സംഘടനയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനുമുള്ള ശക്തി സംഘടനക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സമദൂരത്തെ കുറിച്ച് പറയാന്‍ എന്‍എസ്എസിന് എന്തവകാശമാണുള്ളത്, സുകുമാരന്‍ നായര്‍ക്ക് ആ നിലപാടില്‍ നിന്ന് മാറാന്‍ അവകാശമില്ല എന്നതടക്കമുള്ള രൂക്ഷ പ്രതികരണങ്ങളുമായി ഭരണപക്ഷത്തെ പ്രബല കക്ഷികളും ഇപ്പോള്‍ ചേക്കേറിയ ഒരു നേതാവും രംഗത്ത് വന്നിരിക്കുകയാണ്. അവര്‍ നായന്മാര്‍ കൂടി ആകുമ്പോള്‍ എന്തും ആകാമല്ലോ. അത്തരം പരിപ്പൊന്നും എന്‍എസ്എസില്‍ വേവില്ലെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കണമെന്നും സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ആചാരനുഷ്ഠാനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു, ആര്‍.എസ്.എസുകാര്‍ ഡിസംബര്‍ 26ന്അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. വൈകിട്ട് ആറു മുതല്‍ 6:30 വരെയായിരുന്നു പരിപാടി.