അമ്മ നേതൃത്വം തുടര്‍ച്ചയായി നുണ പറയുന്നു, അമ്മ സംഘടനയുമായുള്ള ചര്‍ച്ചയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം:WCCC

145

അമ്മയുടെ അംഗങ്ങള്‍ ഇരയെ അപമാനിക്കുക മാത്രമല്ല കുറ്റാരോപിതനെ സംരക്ഷിക്കാനും ശ്രമിച്ചെന്ന് WCCC അംഗങ്ങളായ നടികൾ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . ഇരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജി വച്ച നടിമാരുടെ കാര്യത്തില്‍ നിയമാവലി പറഞ്ഞ് ചതിക്കുകയാണെന്നും അവർ പറഞ്ഞു. നിങ്ങള്‍ തന്നിരിക്കുന്ന കാര്യങ്ങള്‍ പരിഗണിക്കാമെന്നും ഇനി നിങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്നും ഉറപ്പ് നല്‍കി ശേഷം മാധ്യമങ്ങളോട് ഇത് സംബന്ധിച്ച് ഒന്നും പറയരുതെന്നും അമ്മ നേതൃത്വം ആവശ്യപ്പെട്ടു.
ദിലീപ് വിഷയത്തില്‍ പരാതിപ്പെട്ട തങ്ങള്‍ മൂന്ന് പേരെ ‘നടിമാര്‍’ എന്നാണ് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് വിശേഷിപ്പിച്ചതെന്ന് രേവതി. ‘ഞങ്ങള്‍ മൂന്ന് പേരുടെ പേരുകള്‍ പറയാന്‍ അയാള്‍ക്ക് സാധിച്ചില്ലേ? പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിങ്ങനെയാണ് ഞങ്ങളുടെ പേരുകള്‍. ഈ വിഷയത്തില്‍ ‘അമ്മ’ നേതൃത്വത്തെ സമീപിച്ചത് ഞങ്ങള്‍ക്ക് വേദന നല്‍കുന്ന അനുഭവമായിരുന്നു’, രേവതി പറഞ്ഞു.

35 വര്‍ഷമായി സിനിമാമേഖലയിലുള്ള ആളാണ് താനെന്നും എന്നാല്‍ ‘അമ്മ’യുടെ പരിപാടികള്‍ക്ക് തന്നെ വിളിക്കാറില്ലെന്നും അതിനാല്‍ പങ്കെടുക്കാറില്ലെന്നും രേവതി പറഞ്ഞു. ഈ വിഷയത്തിന് ഇറങ്ങിയതുതന്നെ ഡബ്ല്യുസിസി കാരണമാണ്. തനിച്ച് നില്‍ക്കുകയായിരുന്നെങ്കില്‍ ഞാന്‍ സംസാരിക്കില്ലായിരുന്നു. ചിലപ്പോള്‍ അക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് ഒപ്പമുണ്ടെന്ന ഒരു മെസേജ് അയക്കുമായിരിക്കും. ‘അമ്മ’ വിളിച്ച മീറ്റിംഗിന് പോയതും ഡബ്ല്യുസിസിയുടെ ഭാഗമായതുകൊണ്ടാണ്.’

കുറ്റാരോപിതനായ ആള്‍ ഇപ്പോള്‍ സംഘടയ്ക്ക് അകത്താണ്. അക്രമിക്കപ്പെട്ടയാള്‍ പുറത്തും. ഇതാണോ നീതി? രേവതി ചോദിച്ചു.കുറ്റാരോപിതനായ വ്യക്തിയുടെ അമ്മ സംഘടനയിലെ അംഗത്വത്തെക്കുറിച്ച് നിലവില്‍ ഒരു വ്യക്തതയില്ല. ജനറല്‍ ബോഡി മീറ്റിംഗിന് ശേഷം ഇടവേള ബാബു നല്‍കിയ വാക്കിന്റെ ബലത്തിലാണ് അമ്മ ഞങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുമെന്ന ഉറപ്പിലാണ് അന്ന് മീറ്റിംഗിന് പോയത്. എന്നാല്‍ മീറ്റിംഗില്‍ നേരീട്ടത് കടുത്ത മാനസിക പീഡനമായിരുന്നെന്ന് നടി പാര്‍വ്വതി പറഞ്ഞു. നിരവധി തവണ കെഞ്ചി പറഞ്ഞതിന് ശേഷമാണ് ഡബ്ല്യുസിസിക്ക് സംസാരിക്കാനുള്ളതെന്താണെന്ന് കേട്ടതെന്ന് പാര്‍വ്വതി പറയുന്നു.നിയമാവലികള്‍ പറഞ്ഞ് ആളുകളെ പറ്റിക്കുകയായിരുന്നു അമ്മ സംഘടന ചെയ്തതെന്ന് പത്മപ്രിയ പറഞ്ഞു.