അമ്മയുടെ നിര്‍ണായക ഭാരവാഹി യോഗം ഇന്ന്

82

താരസംഘടനയായ അമ്മയുടെ ഭാരവാഹികളുടെ യോഗം ഇന്ന് കൊച്ചിയിൽ നടക്കും. ഡെബ്ള്യൂ.സി.സിയുമായുള്ള നിലപാടിനെ ചൊല്ലി സിദ്ദിഖും ജഗദീഷും തമ്മിൽ കടുത്ത വാക്പോര് നടന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. അമ്മ-ഡെബ്ള്യൂ.സി.സി തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഭാരവാഹികൾ കൊച്ചിയിൽ യോഗം ചേരുന്നത്. അടിയന്തരസാഹചര്യത്തിൽ വിളിച്ചു ചേർത്തതിനാൽ മുഴുവൻ എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിന് എത്തിയേക്കില്ല.

ഡെബ്ള്യൂ.സി.സി അംഗങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകിയതിനെ തുടർന്ന് അമ്മയുടെ ട്രഷറർ ജഗദീഷും സെക്രട്ടറി സിദ്ദിഖും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിന് ചർച്ചയിൽ ശ്രമങ്ങളുണ്ടാകുമെന്നാണ് സൂചന. കോഴിക്കോട് ഷൂട്ടിംഗിലായതിനാൽ നടൻ സിദ്ദിഖ് യോഗത്തിന് എത്തുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.എന്നാൽ യോഗത്തിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കണമെന്നാണ് അമ്മ നിർദ്ദേശിച്ചിരിക്കുന്നത്.

യോഗത്തിന് എത്തുമെന്നും നിലപാട് വ്യക്തമാക്കുമെന്നും ജഗദീഷ് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഡെബ്ള്യൂ.സി.സി ഉന്നയിച്ച ആരോപണങ്ങളും യോഗം ചർച്ച ചെയ്യും. മലയാള സിനിമയില്‍ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡെബ്ള്യൂ.സി.സി സമര്‍പ്പിച്ച ഹര്‍ജിയിൽ ഹൈക്കോടതി അമ്മയ്ക്ക് നോട്ടീസ് അയച്ചിരുന്നു. കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കെ ഇക്കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. നടി ദിവ്യ ഗോപിനാഥ് നടൻ അലൻസിയറിനെതിരെ ഉന്നയിച്ച മീ റ്റൂ ആരോപണവും ചർച്ച ചെയ്തേക്കും.