‘അമ്മ’യിൽ ചേരിപ്പോര്, കത്ത് പൂഴ്ത്തൽ, മോഹൻലാലിന്റെ രാജിഭീഷണി

183

നടിയെ ആക്രമിച്ച കേസിൽ കക്ഷിചേരാനുള്ള ‘അമ്മ’യുടെ നീക്കത്തിനുപിന്നിൽ രൂക്ഷമായ ചേരിപ്പോരും വാക്കുതർക്കവും. വിചാരണയ്ക്ക് വനിതാജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് അമ്മ സർക്കാരിന് നല്കിയ കത്ത് പൂഴ്ത്തിയതുമുതൽ മോഹൻലാലിന്റെ രാജിഭീഷണിവരെ ചേരിപ്പോര് നീണ്ടു.
ജൂലായ് 10-ന് അമ്മ അധ്യക്ഷൻ മോഹൻലാലിന്റെ വാർത്താസമ്മേളനത്തിനുശേഷം നടന്ന കൂടിയാലോചനകളോടെയാണ് സംഭവങ്ങളുടെ തുടക്കം. നാലുനടിമാരുടെ രാജിയെത്തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ ആകെ ഉലഞ്ഞുപോയ ‘അമ്മ’യുടെ മുഖംരക്ഷിക്കാൻ കൂടിയാലോചനകളിൽ ധാരണയായി. ഇനിയെങ്കിലും നടിക്കൊപ്പം നിന്നില്ലെങ്കിൽ സംഘടന തകർന്നടിയുമെന്നും സമൂഹത്തിൽ സിനിമാതാരങ്ങളുടെ പ്രതിച്ഛായ പാടേ മോശമാകുകയും ചെയ്യുമെന്ന ശക്തമായ അഭിപ്രായം മോഹൻലാൽ പങ്കുവെച്ചു. പുതിയ എക്സിക്യുട്ടീവ് കമ്മിറ്റിയിലെ ചില അംഗങ്ങളും നടിക്ക് അനുകൂലമായ നിലപാടെടുത്തു. കേസിൽ വനിതാജഡ്ജിയെ നിയമിക്കണമെന്നും വിചാരണ തൃശ്ശൂർക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിന് നിവേദനം നല്കാൻ തീരുമാനിച്ചു. കത്ത് തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറാനുള്ള നടപടികളുമെടുത്തു. ഇതറിഞ്ഞ ദിലീപ് അനുകൂലവിഭാഗം സർക്കാരിൽ സ്വാധീനമുള്ള മുതിർന്ന ഭാരവാഹിയുടെ നേതൃത്വത്തിൽ രംഗത്തിറങ്ങി. കത്ത് മുഖ്യമന്ത്രിക്ക് മുമ്പാകെ എത്താതിരിക്കാനുള്ള നീക്കങ്ങളിൽ ഇദ്ദേഹംതന്നെ നേരിട്ടുപ്രവർത്തിച്ചതായാണ് അമ്മയിലെ അംഗങ്ങളിൽനിന്ന് കിട്ടുന്ന വിവരം.തന്റെ നേതൃത്വത്തിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നറിഞ്ഞ് മോഹൻലാൽ ക്ഷുഭിതനായി. രാജിവയ്ക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചു.‘ഇയാൾ കുറ്റം ചെയ്തില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും എല്ലാകാര്യങ്ങളിലും ഇടപെട്ട് അട്ടിമറിശ്രമങ്ങൾ നടത്തുന്നതെന്തിനെന്നും’ ദിലീപിനെ ഉദ്ദേശിച്ച് ലാൽ ഒരുഘട്ടത്തിൽ ചോദിക്കുകയും ചെയ്തു.