അമേരിക്കയ്ക്ക് ഇന്ത്യയുടെ ഇരട്ടപ്രഹരം; റഷ്യയുമായുള്ള കരാറിന് പിന്നാലെ ഇറാനില്‍ നിന്നും എണ്ണയും വാങ്ങുന്നു

93

നവംബറില്‍ ഇന്ത്യ ഇറാനില്‍ നിന്നും 9 മില്ല്യണ്‍ ബാരല്‍ എണ്ണ വാങ്ങുമെന്ന് റിപ്പോര്‍ട്ട്. രണ്ട് സ്‌റ്റേറ്റ് റിഫൈനറികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നവംബറില്‍ ഇറാനെതിരായ ഉപരോധം ആരംഭിക്കാനിരിക്കെയാണ് ഇന്ത്യയുടെ നീക്കം.

ഐ.ഒ.സിയും മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സുമാണ് ഇറാനുമായി ഉടമ്പടിയിലെത്തിയതെന്നാണ് സൂചന. ഐ.ഒ.സി 6 മില്ല്യണ്‍ ബാരലും മാംഗ്ലൂര്‍ റിഫൈനറി 3 മില്ല്യണ്‍ ബാരലുകളും വാങ്ങുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു. ഡോളറിന് പകരം ഇന്ത്യ രൂപയില്‍ ഇറാന്‍ എണ്ണയ്ക്ക് പണമടച്ചേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വാര്‍ത്തയോട് രണ്ട് സ്ഥാപനങ്ങളും പ്രതികരിച്ചിട്ടില്ല.
ഒക്ടോബറില്‍ ഇന്ത്യന്‍ റിഫൈനറികള്‍ 10 മില്ല്യണ്‍ ബാരല്‍ എണ്ണയാണ് ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്.

നവംബര്‍ നാലിന് ആരംഭിക്കുന്ന രണ്ടാംഘട്ട ഉപരോധത്തിലൂടെ ഇറാന്‍ എണ്ണയുടെയും വാതകത്തിന്റെയും കയറ്റുമതി പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനിടെയാണ് ഇന്ത്യയുടെ തീരുമാനം. ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നതിനു പകരം സംവിധാനം കണ്ടെത്താന്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ ഇന്ന് പറഞ്ഞിരുന്നു.

അമേരിക്കന്‍ ഭീഷണിക്ക് വഴങ്ങാതെ എസ് 400 ട്രെയംഫ് മിസൈല്‍ പ്രതിരോധ കരാറിര്‍ ഇന്ന് ഇന്ത്യയും റഷ്യയും ഒപ്പുവെച്ചിരുന്നു. 39000 കോടി രൂപയ്ക്ക് റഷ്യയില്‍ നിന്ന് എസ് 400 ട്രയംഫ് വിമാനവേധ മിസൈല്‍ സംവിധാനം വാങ്ങാനുള്ള കരാറിലാണ് ഒപ്പുവെച്ചത്. റഷ്യയില്‍ നിന്നും ആയുധം വാങ്ങിയാല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന യു.എസ് ഭീഷണി നിലനില്‍ക്കെയാണ് ഇന്ത്യ കരാറിലൊപ്പിട്ടിരുന്നത്.