അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചു: കെ.സുരേന്ദ്രനെതിരെ വീണ്ടും പൊലീസ്

62

ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പൊലീസ്. അറസ്റ്റ് ചെയ്യുമ്പോള്‍ വാറണ്ടില്ല എന്ന് അഭിഭാഷകന്‍ പറഞ്ഞ വാദം തെറ്റാണെന്ന് പൊലീസ് കോടതിയെ അറിയിക്കും.

വാറണ്ട് 21 ന് തന്നെ കൊട്ടാരക്കര സബ് ജയിലില്‍ സൂപ്രണ്ടിന് ലഭിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ജാമ്യാപേക്ഷയില്‍ ഇന്ന് അധികവാദം കേള്‍ക്കണമെന്നും പൊലീസ് ആവശ്യപ്പെടും.

പത്തനംതിട്ട കോടതി സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്നലെ വിധി പറയാന്‍ മാറ്റിയിരുന്നു.

സുരേന്ദ്രന് അറസ്റ്റ് വാറണ്ടില്ലാത്തപ്പോള്‍ തന്നെ അദ്ദേഹത്തെ കരുതല്‍ തടങ്കലില്‍ വെച്ചു എന്നായിരുന്നു ഇന്നലെ കോടതിയില്‍ സുരേന്ദ്രനായി ഹാജരായ അഡ്വ. രാംകുമാര്‍ വാദിച്ചിരുന്നത്. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ കെ. സുരേന്ദ്രന് ജാമ്യം നേരത്തെ ലഭിച്ചിരുന്നു. നവംബര്‍ 21ാം തിയതിയായിരുന്നു അത്. കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമ്പോള്‍ മറ്റ് കേസുകളില്‍ വാറണ്ടുണ്ടായിരുന്നില്ല എന്നായിരുന്നു അഭിഭാഷകന്‍ വാദിച്ചിരുന്നത്.

308ാം വകുപ്പ് പ്രകാരം സ്ത്രീയെ ആക്രമിച്ച കേസില്‍ 23 ന് അദ്ദേഹത്തിന് പുതിയ വാറണ്ട് വരുന്നത് വരെ പൊലീസ് കാത്തിരുന്നു എന്ന വാദമാണ് അഭിഭാഷകന്‍ ഉന്നയിച്ചിരുന്നത്. ഇതിനെ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് പൊലീസ് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.

അതേസമയം ശബരിമല ദര്‍ശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ തടഞ്ഞതിനും അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനും സുരേന്ദ്രനെതിരെ പുതിയ കേസെടുത്തിട്ടുണ്ട്.

നിരോധിത മേഖലയായ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം നടത്താന്‍ പാടില്ലെന്ന ഉത്തരവ് മറികടന്നായിരുന്നു സുരേന്ദ്രന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടന്നത്. ആളുകളെ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് സുരേന്ദ്രനാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

ശബരിമല അക്രമസംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.