അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കറല്ല; ഡ്രൈവറുടെ മൊഴി തള്ളി ലക്ഷ്മി

134

അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കി.

താന്‍ മുന്‍ സീറ്റിലാണ് ഇരുന്നതെന്നും ലക്ഷ്മി മൊഴി നല്‍കി. എന്നാല്‍  അപകടം ഉണ്ടാകുമ്പോള്‍ വണ്ടിയോടിച്ചിരുന്നത് ബാലഭാസ്ക്കറായിരുന്നുവെന്നാണ് ഡ്രൈവര്‍ അര്‍ജ്ജുന്‍ പൊലീസിന് നല്‍കിയ മൊഴി. പിൻസീറ്റിൽ യാത്ര ചെയ്തിരുന്ന ബാലഭാസ്ക്കർ കൊല്ലം മുതലാണ് വണ്ടിയോടിച്ചെതെന്നും അർജ്ജുൻ  മൊഴി നല്‍കിയിരുന്നു.

രണ്ട് ദിവസം മുന്‍പെയാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മിയെ ഡിസ്ചാര്‍ജ്ജ് ചെയ്തത്.  കുടുംബവുമായി ക്ഷേത്ര ദർശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽ പെട്ടത്. ചികിത്സയില്‍ കഴിയവേ ഒകോടബര്‍ രണ്ടിന് ബാലഭാസ്കര്‍ മരണപ്പെട്ടു. ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.