അന്നും ഇന്നും കൂടുതല്‍ ഇഷ്ടം ‘ഉമ’യോട് ; നെല്ലിനങ്ങള്‍ 119

141

അന്നും ഇന്നും കൂടുതലിഷ്ടം ‘ഉമ’യോടുതന്നെ. 38 വര്‍ഷമായിട്ടും അതിനൊരു കുറവുമില്ല. ആതിരയും ജ്യോതിയും  ഐശ്വര്യയും ശ്രേയസുമൊക്കെയാണ് തൊട്ടടുത്തുള്ളത്. ഇവയെല്ലാം കേരള കാര്‍ഷിക സര്‍വകലാശാലയിലെ നെല്ലുഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത കര്‍ഷകര്‍ക്ക് പ്രിയപ്പെട്ട നെല്ലിനങ്ങളാണ്.

agricultureസര്‍വകലാശാല വികസിപ്പിച്ചെടുത്ത 308 വിളകളില്‍ 119 നെല്ലിനങ്ങളാണുള്ളത്. പരമ്പരാഗത ഇനങ്ങളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ട ഈ നെല്‍വിത്തുകളില്‍ പത്തെണ്ണമേ കര്‍ഷകര്‍ക്ക് പ്രിയമുള്ളു. ഇതില്‍ മുന്നിലാണ് മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം തയ്യാറാക്കിയ ‘ഉമ’.

ഉയര്‍ന്ന പ്രതിരോധശേഷി, കൂടുതല്‍ വിളവ് തുടങ്ങിയവയാണ് ഉമയേയും ജ്യോതിയേയും കര്‍ഷകപ്രിയമാക്കുന്നത്. ഉമയുടെയത്ര വിളവ് മറ്റൊരു നെല്ലിനത്തിനും കിട്ടില്ല. ഹെക്ടറിന് 10 മുതല്‍ 12 ടണ്‍വരെ നെല്ല് കിട്ടും.

പല നെല്ലിനങ്ങളും പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസൃതമായിട്ടുള്ളതാകയാല്‍ എല്ലായിടത്തും കൃഷിക്ക് പറ്റില്ല. ഉമയടക്കമുള്ള ജനപ്രിയ ഇനങ്ങള്‍ ഒട്ടുമിക്ക സാഹചര്യത്തിലും കൃഷിയിറക്കാമെന്നതിനാലാണ് കര്‍ഷകര്‍ കൂടുതല്‍ താത്പര്യം കാട്ടുന്നത്. എട്ടുമുതല്‍ പത്തുവരെ വര്‍ഷമെടുത്താണ് ഗവേഷകര്‍ നെല്ലിനങ്ങള്‍ വികസിപ്പിക്കുന്നത്.

പഴയകാല വിത്തുകള്‍ക്ക് ആവശ്യക്കാരേറിയതോടെയാണ് മണ്ണുത്തിയില്‍ സര്‍വകലാശാല വിത്ത്ബാങ്ക് തുറക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതും കുട്ടനാടിന് യോജിച്ചതുമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പൗര്‍ണമി. കോള്‍പ്പാടങ്ങള്‍ക്ക് പറ്റിയ മനുരത്നയ്ക്ക് ആവശ്യക്കാരേറെയാണ്. പൊക്കാളിക്ക് ചേര്‍ന്നതും ലവണാംശത്തെ ചെറുക്കുന്നതുമായ ലാവണ്യ, തീരദേശത്തേയ്ക്കുള്ള ജ്യോത്സന എന്നിവയും കഴിഞ്ഞദിവസം പുറത്തിറക്കി.