അന്താരാഷ്ട്ര ചലച്ചിത്രമേള: ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകൻ, ചെമ്പൻ വിനോദ് നടൻ

82

ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കേരളത്തിന് അഭിമാനമായുർത്തി ഈമയൗ. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പല്ലിശ്ശേരിയും മികച്ച നടനുള്ള പുരസ്കാരം ചെമ്പൻ വിനോദും സ്വന്തമാക്കി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ആഗോള നിലവാരമള്ള ചിത്രങ്ങളോട് മാറ്റുരച്ചാണ് ലിജോയുടെ ഈമയൗ മിക്ചച നടനും സംവിധായകനുമുള്ള പുരസ്കാരങ്ങള്‍ സ്വന്തമാക്കി കേരളത്തിന്‍റെ അഭിമാനമായി മാറിയത്.

സെർജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത യുക്രൈൻ-റഷ്യൻ ചിത്രം ഡോൺബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവർണമയൂരം. ഉക്രൈൻ സംഘർഷത്തിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന ചിത്രം മേളയിൽ വലിയ ചർച്ചയായിരുന്നു. മികച്ച നടിക്കുള്ള പുരസ്കാരം വെന്‍ ട്രീസ് ഫാള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്റ്റസ്യ പുസ്റ്റോവിറ്റ് സ്വന്തമാക്കി. മില്‍കോ ലാസ്റോവിന്‍റെ അഗ എന്ന ചിത്രത്തിനാണ് പ്രത്യേക ജൂറി പുരസ്കാരം.

എറണാകുളം ജില്ലയിലെ ചെല്ലാനം എന്ന തീരദേശഗ്രാമത്തിലെ ഒരു വീട്ടിലെ ഗൃഹനാഥന്‍ അപ്രതീക്ഷിതമായി മരിക്കുന്നതും തുടര്‍ന്ന് ആ മരണവീട്ടിലുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഈമായൗ എന്ന ചിത്രത്തില്‍ നിറയുന്നത്. മഴയുടേയും കടലിന്‍റേയും ഇരുട്ടിന്‍റേയും പശ്ചാത്തലത്തില്‍ പിതാവിന്‍റെ മരണം സൃഷ്ടിക്കുന്ന മാനസികാഘാതവും പേറി തനിക്ക് മുന്നിലുള്ള പ്രശ്നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഈശി എന്ന മകനായി സമാനതകളില്ലാത്ത പ്രകടനമാണ് ചിത്രത്തില്‍ ചെന്പന്‍ വിനോദ് കാഴ്ച്ചവച്ചത്. കേരളത്തിലെ തീയേറ്ററുകളില്‍ മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയ ചിത്രം ഗോവ ചലച്ചിത്രമേളയിലും പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയിരുന്നു.