അണ്ടര്‍ 20 കോടിഫ് കപ്പ് ഫുട്‌ബോള്‍: അര്‍ജന്റീനയെ വീഴ്ത്തി ഇന്ത്യന്‍ ചുണക്കുട്ടികള്‍

170

അസാധ്യമായത് ഒന്നുമില്ലെന്ന് ഇന്ത്യന്‍ അണ്ടര്‍ 20 ഫുട്‌ബോള്‍ ടീമിലെ ചുണക്കുട്ടികള്‍ കഴിഞ്ഞ ദിവസം തെളിയിച്ചു. സ്‌പെയിനില്‍ നടക്കുന്ന കോടിഫ് കപ്പ് ഫുട്‌ബോളില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയെ പരാജയപ്പെടുത്തി ഇന്ത്യ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു.ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ സുവര്‍ണലിപികളില്‍ എഴുതിച്ചേര്‍ത്ത ഒരു വിജയമാണ് ഇന്ത്യന്‍ സംഘം സ്വന്തമാക്കിയത്. ആറുവട്ടം ചാമ്പ്യന്‍മാരായ അര്‍ജന്റീയനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നാലാം മിനിട്ടില്‍ ദീപക് ടാംഗ്രിയിലൂടെ മുന്നിലെത്തിയ ഇന്ത്യ അറുപത്തിയെട്ടാം മിനിട്ടില്‍ അന്‍വര്‍ അലിയിലൂടെ രണ്ടാം ഗോള്‍ സ്വന്തമാക്കി. എഴുപത്തിരണ്ടാം മിനിട്ടില്‍ അര്‍ജന്റീന ഒരു ഗോള്‍ മടക്കി. കഴിഞ്ഞ മത്സരത്തില്‍ വെനസ്വേലയെ സമനിലയില്‍ പിടിച്ചതിന് പിന്നാലെയാണ് അര്‍ജന്റീനയ്‌ക്കെതിരെ വിജയം സ്വന്തമാക്കിയിരിക്കുന്നത്.അന്‍പതാം മിനിട്ട് മുതല്‍ പത്തുപേരുമായി കളിച്ചാണ് ഇന്ത്യന്‍ സംഘം സ്വപ്‌നതുല്യമായ വിജയം പിടിച്ചെടുത്തത്. അങ്കിത് ജാവേദ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതാണ് ഇന്ത്യയുടെ അംഗബലം പത്തായി ചുരുക്കിയത്. അര്‍ജന്റീനയെ അട്ടിമറിച്ചെങ്കിലും ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.