അട്ടിമറി സ്വപ്നവുമായി ട്വന്‍റി ട്വന്‍റി; ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും

88

ചാലക്കുടി മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്‍റി ട്വന്‍റി. വികസനത്തിന് തടസ്സം നിൽക്കുന്ന ഇടത്, വലത് മുന്നണികളോടുള്ള അമർഷമാണ് തീരുമാനത്തിന് പിന്നിലെന്നാണ് ട്വന്‍റി ട്വന്‍റിയുടെ നിലപാട്. പഞ്ചായത്തിലെ ഓരോ നാല് വീടുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത 2200 അംഗ ഉന്നതാധികാര സമിതിയാണ് ട്വന്‍റി ട്വന്‍റിക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥി വേണമെന്ന തീരുമാനമെടുത്തത്. 

തെരഞ്ഞെടുപ്പിൽ നിലവിലെ രാഷ്ട്രീയകക്ഷികളെ പിന്തുണക്കുന്നത് ആർക്കും യോഗത്തിൽ സ്വീകാര്യമായില്ല. മനസാക്ഷിവോട്ടോ, നോട്ടയോ വേണ്ട. സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി കരുത്ത് കാട്ടണമെന്നാണ് യോഗം ഒറ്റക്കെട്ടായി മുന്നോട്ട് വെച്ച അഭിപ്രായം. സമീപ പഞ്ചായത്തുകൾ ഉൾപ്പടെ മണ്ഡലത്തിലെ സമാന ആശയങ്ങളുള്ളവരുമായി യോജിച്ചാകും തുടർപ്രവർത്തനങ്ങൾ.

ട്വന്‍റി ട്വന്‍റി പ്രസിഡന്‍റും വ്യവസായിയുമായ സാബു എം ജേക്കബ് സ്ഥാനാർത്ഥിയാകണമെന്നാണ് ഉന്നതാധികാര സമിതിയിൽ ഉയർന്ന ആവശ്യം. എന്നാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കിറ്റെക്സ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള ട്വന്‍റി ട്വന്‍റി കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൽ നിന്നാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. ട്വന്‍റി ട്വന്‍റിയുടെ പിന്തുണ നേടാൻ രാഷ്ട്രീയ കക്ഷികൾ തിരക്കിട്ട ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് സ്വന്തം സ്ഥാനാർത്ഥി മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ട്വന്‍റി ട്വന്‍റിയുടെ രംഗപ്രവേശനം.