അട്ടിമറി തുടരാന്‍ മെക്സിക്കോ.. അതിജീവിക്കാന്‍ ബ്രസീല്‍

213

കൊമ്പന്മാർ പലരും പാതി വഴിയില്‍ തന്നെ ചരിഞ്ഞു. അതും അടി തെറ്റി വീണ്. ഇനി ലോകം കണ്ണുനട്ടിരിക്കുന്നത് ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിലേക്കാണ്. അര്‍ജന്റീനയും ജര്‍മനിയും സ്പെയിനും പോര്‍ച്ചു​ഗലും പുറത്തേക്ക് പോയവഴിയുടെ തുടക്കത്തില്‍ ബ്രസീലിനെക്കാത്ത് മെക്സിക്കോ നില്‍ക്കുന്നുണ്ട്. ജയിക്കുന്നവര്‍ അകത്തേക്ക്, തോല്‍ക്കുന്നവര്‍ പുറത്തേക്ക്. ബ്രസീല്‍ ജയിച്ചാല്‍ പ്രത്യേകിച്ചൊന്നുമില്ല. എന്നാല്‍ ബ്രസീല്‍ തോറ്റാല്‍ അത് ചരിത്രമാണ്.

വന്‍ ടീമുകള്‍ പലരും തോറ്റുമടങ്ങിയ റഷ്യന്‍ മണ്ണില്‍ ഇന്ന് പ്രീക്വാര്‍ട്ടര്‍ പോരിനാണ് ബ്രസീല്‍ ഇറങ്ങുന്നത്. നിലവിലെ ലോകജേതാക്കളായ ജര്‍മനിയെ മലര്‍ത്തിയടിച്ച മെക്സിക്കോ ബ്രസീലിനെ വെല്ലുവിളിച്ച്‌ നില്‍ക്കുന്നു. ജീവന്‍മരണ പോരാട്ടമാണ് ബ്രസീലിന്. മെക്സിക്കോയ്ക്ക് ചരിത്രമെഴുതാല്‍ സുവര്‍ണാവസരവും, മത്സരം ആവേശം അലതല്ലുമെന്ന് ഉറപ്പുപറയാന്‍ മറ്റൊന്നും വേണ്ട.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം പോലു തോല്‍ക്കാതെയാണ് ബ്രസീലെത്തുന്നത് എന്നാല്‍ അതിലേറെ ബ്രസീലിന ആത്മവിശ്വാസം നല്‍ക്കുന്നുത്, ഓരോ മത്സരങ്ങള്‍ക്ക് ശേഷവും ടീം കൈവരിച്ച പുരോ​ഗതിയാണ്. ​ഗ്രൂപ്പിലെ ആദ്യ രണ്ട് മതസരങ്ങളില്‍ വരുത്തിയ പിഴവുകള്‍ മറികടന്ന്, അവസാന മത്സരത്തില്‍ കണ്ടത് തനത് ബ്രസീലിയന്‍ ശൈലിയിലേക്ക് മടങ്ങിയെത്തിയ ടീമിനെയാണ്.

നെയ്മറും കുട്ടിന്യോയും വില്ല്യനുമടങ്ങുന്ന മുന്‍നിര മികച്ച ധാരണയോടെ നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും, ​ഗബ്രിയേല്‍ ജീസസിന് ഫിനിഷിങ്ങില്‍ പിഴവ് തുടരുന്നത് ബ്രസീലനെ ആശങ്കപ്പെടുത്തുന്നു. പിന്‍നിരയില്‍ തിയാ​ഗോ സില്‍വ മിറാന്‍ഡ് സഖ്യം മികച്ച പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ ഡാനിലോയ്ക്ക് പരിക്കേറ്റതോടെ പകരമെത്തിയ ഫാ​ഗ്നര്‍ക്ക് പ്രതിരോധത്തില്‍ പാളിച്ചകളുണ്ട്. പരിക്കേറ്റ മാഴ്സലോയും ഇന്ന് കളിക്കാനിടയില്ല.

വലിയ ടീമുകള്‍ക്കെതിരെ കിടിലന്‍ പ്രകടനം നടത്തുന്ന മെക്സിക്കന്‍ ശൈലിയാണ് ബ്രസീല്‍ ഏറ്റവുമധികം ഭയക്കുന്നത്. കഴിഞ്ഞ ലോകകപ്പ് ​ഗ്രൂപ്പ് സ്റ്റേജില്‍ ബ്രസീലിനെ 90 മിനിറ്റ് ​ഗോള്‍അടിപ്പിക്കാതെ തടഞ്ഞിടാന്‍ മെക്സിക്കോയ്ക്ക് സാധിച്ചു. അന്ന് മിന്നല്‍ സേവുകളുമായി കളം നിറഞ്ഞ ​ഗ്വില്ലെര്‍മോ ഓച്ചോവ തന്നെയാണ് ഇപ്പോഴും മെക്സിക്കന്‍ വലയ്ക്ക് മുന്നില്‍.

വേ​ഗതയും സ്കില്ലുകളും നിറച്ച്‌ ബ്രസീലിന്റേതിന് സമാനമായ കളിരീതിയാണ് മെക്സിക്കോയുടേതും. കാര്‍ലോസ് വേല-ഹെവിയര്‍ ഹെര്‍ണാണ്ടസ് സഖ്യത്തെ ബ്രസീലിന് എത്രത്തോളം പിടിച്ചുകെട്ടാനാകുമെന്നത് പ്രധാനമാണ്. ജര്‍മനിയെ തകര്‍ത്ത ആവേശവുമായി വരുന്ന മെക്സിക്കോയുടെ പ്രതിരോധത്തിലെ പാളിച്ചകള്‍ സ്വീഡനെതിരായ മത്സരത്തില്‍ വ്യക്തമായതാണ്. ഇത് മുതലാക്കാനായാല്‍ വിജയ കാനറികള്‍ കൊത്തിപ്പറക്കും.