അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്കെന്ന് സീ വോട്ടര്‍ സര്‍വ്വേ

56

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് സഖ്യം വിജയിക്കുമെന്ന് സീ വോട്ടറിന്‍റെ സര്‍വ്വേ ഫലം. രാജസ്ഥാനില്‍ വന്‍ഭൂരിപക്ഷം നേടി അധികാരത്തിലെത്തുന്ന കോണ്‍ഗ്രസ് മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷം നേടും. തെലുങ്കാനയില്‍ കോണ്‍ഗ്രസ് – ടിഡിപി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും സര്‍വ്വേ പറയുന്നു.

രാജസ്ഥാനില്‍ 145 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് സര്‍വ്വേ ഫലം. തെലുങ്കാനയില്‍ കോണ്‍ഗ്രസ് – ടിഡിപി സഖ്യം 64 സീറ്റുകളുമായി വ്യക്തമായി ഭൂരിപക്ഷം നേടും. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ഛത്തീസ്ഗഢില്‍  നടക്കുമെന്നും സര്‍വ്വേ പറയുന്നു.

രാജസ്ഥാനില്‍ 145 സീറ്റ് കോണ്‍ഗ്രസിന് പ്രവചിക്കുന്ന സര്‍വ്വേ ഭരണപക്ഷമായ ബിജെപിക്ക് 45 സീറ്റാണ് പ്രവചിക്കുന്നത്. 47.9 % വോട്ട് നേടിയാകും കോണ്‍ഗ്രസ് 145 സീറ്റ് നേടുന്നത്. 39.7 % വോട്ടാണ് ബിജെപിക്ക് നേടാന്‍ കഴിയുക.

മധ്യപ്രദേശില്‍ ബിജെപി 107 സീറ്റ് നേടും 41.5 % വോട്ടും ബിജെപിക്കായിരിക്കും. എന്നാല്‍ 42.3 % വോട്ട് നേടുന്ന കോണ്‍ഗ്രസ് 116 സീറ്റ് നേടി കേവലഭൂരിപക്ഷം തികയ്ക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു.

എന്നാല്‍ മിസോറാമില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ഉണ്ടാകില്ല. മിസോ നാഷണല്‍ ഫ്രണ്ട് 17 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് 12 സീറ്റുമായി തൊട്ട് പുറകേയുണ്ടാകും. 9 സീറ്റ് നേടുന്ന സോറം പീപ്പിള്‍സ് മൂവ്മെന്‍റ് നിര്‍ണ്ണായക സ്വാധീനമായി മാറും.

ഛത്തീസ്ഗഢില്‍ ഇഞ്ചോടിച്ച് പോരാട്ട നടക്കും.  കോണ്‍ഗ്രസിന് 41 സീറ്റുകളും ബി.ജെ.പി 43 സീറ്റുകളും നേടും. മറ്റുള്ളവര്‍ ആറു സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദ സെന്റര്‍ ഫോര്‍ വോട്ടിങ് ഒപ്പീനിയന്‍ ആന്റ് ട്രന്റ് ഇന്‍ ഇലക്ഷന്‍ റിസര്‍ച്ച് നവംബര്‍ രണ്ടാം വാരം സര്‍വ്വേ നടത്തിയത്. നവംബര്‍ 12 നും ഡിസംബര്‍ ഏഴിനുമാണ് മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11ന് എല്ലായിടങ്ങളിലും വോട്ടെണ്ണല്‍ നടക്കും.